2019ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയലിനെ തകർത്ത മത്സരത്തിനു മുൻപ് ഗ്വാർഡിയോള നൽകിയ ഉപദേശം വെളിപ്പെടുത്തി ഒനാന

Sreejith N
FBL-EUR-C1-REAL MADRID-AJAX
FBL-EUR-C1-REAL MADRID-AJAX / GABRIEL BOUYS/GettyImages
facebooktwitterreddit

2019ൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റയലിനെതിരെ ആദ്യപാദത്തിൽ തോൽവി വഴങ്ങിയതിനു ശേഷം രണ്ടാം പാദത്തിൽ അയാക്‌സ് നടത്തിയ അവിശ്വസനീയമായ തിരിച്ചു വരവിനു മുന്നോടിയായി പെപ് ഗ്വാർഡിയോള തനിക്കു നൽകിയ ഉപദേശം വെളിപ്പെടുത്തി ഡച്ച് ക്ലബിന്റെ ഗോൾകീപ്പറായ ആന്ദ്രേ ഒനാന. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയ അയാക്‌സ് രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ കീഴടക്കിയത്.

"ഞാൻ അതിനു മുൻപ് ജർമനിയിൽ ഷാൽക്കെക്കെതിരെ മാഞ്ചസ്റ്റർ സിറ്റി കളിക്കുന്നത് കാണാൻ പോയിരുന്നു. അതിനു ശേഷം ഞാൻ ഞങ്ങളുടെ രണ്ടാം പാദ മത്സരത്തെക്കുറിച്ച് ഗ്വാർഡിയോളയോട് സംസാരിക്കുകയും ചെയ്‌തിരുന്നു." ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലിനോട് സംസാരിക്കുമ്പോൾ ഒനാന വെളിപ്പെടുത്തി.

"അദ്ദേഹം ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു: 'ആന്ദ്രേ, നിങ്ങൾ മികച്ച നിലയിലാണുള്ളത്. റയലിനെതിരെ നിങ്ങൾ വിജയിച്ചിരുന്നു എങ്കിൽ അവിടെ പോകുമ്പോൾ ആക്രമിക്കണോ പ്രതിരോധം തീർക്കണോ എന്നു നിങ്ങൾക്ക് അറിയില്ല. പക്ഷെ നിങ്ങൾ ആദ്യപാദത്തിൽ തൊട്ടിരിക്കുന്നു. ഇനി നിങ്ങൾ രണ്ടാം പാദത്തിൽ വിജയിക്കാൻ വേണ്ടി യുദ്ധം ചെയ്യുക മാത്രമേ നിങ്ങൾക്ക് ചെയ്യാനുള്ളൂ. നിങ്ങൾ ഇപ്പോൾ തന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നു, അതിനാൽ അവിടെ പോയി എല്ലാം നൽകുക.'

"ടീമിന് ഞാൻ നൽകിയത് അതെ സന്ദേശം തന്നെയായിരുന്നു. നമുക്ക് ജയിക്കാം, അല്ലെങ്കിൽ തോൽക്കാം, പക്ഷെ എന്തു തന്നെ സംഭവിച്ചാലും ചാമ്പ്യന്മാരെപ്പോലെ ഞങ്ങൾ ഉറങ്ങുമെന്ന്. മത്സരത്തിൽ ആദ്യത്തെ രണ്ടു ഷോട്ടുകളും ഗോളുകളായിരുന്നു. നിങ്ങളുടെ സ്വപ്‌നത്തിൽ പോലും അതു ചിന്തിക്കാൻ കഴിയില്ല." ഒനാന പറഞ്ഞു.

ആ സീസണിൽ അസാമാന്യ കുതിപ്പാണ് അയാക്‌സ് ചാമ്പ്യൻസ് ലീഗിൽ കാഴ്‌ച വെച്ചത്. റയൽ മാഡ്രിഡിനെ കീഴടക്കിയതിനു ശേഷം റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരന്ന യുവന്റസിനെയും തോൽപ്പിച്ച അവർ സെമിയിൽ ടോട്ടനത്തോട് വിജയത്തിനരികിലെത്തി കീഴടങ്ങുകയായിരുന്നു. ഈ സീസണിൽ അയാക്‌സ് നടത്തുന്ന പ്രകടനവും സമാനമായൊരു കുതിപ്പിന്റെ പ്രതീക്ഷ നൽകുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit