ലെവൻഡോസ്കിയെ ബാഴ്സലോണക്ക് വിട്ടുകൊടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഒലിവർ ഖാൻ


തങ്ങളുടെ സ്റ്റാർ സ്ട്രൈക്കറായ റോബർട്ട് ലെവൻഡോസ്കിയെ ബാഴ്സലോണക്ക് വിട്ടുകൊടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ബയേൺ മ്യൂണിക്ക് സിഇഒ ഒലിവർ ഖാൻ. പോളണ്ട് താരത്തെ വിട്ടുകൊടുക്കാൻ താല്പര്യമില്ലെന്നാണ് ട്രാൻസ്ഫർ അഭ്യൂഹങ്ങളുടെ തുടക്കത്തിൽ ബയേൺ പറഞ്ഞതെങ്കിലും കഴിഞ്ഞ ദിവസം ബാഴ്സലോണ താരത്തെ സ്വന്തമാക്കുകയും ട്രാൻസ്ഫർ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
തുടക്കത്തിൽ ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ ട്രാൻസ്ഫർ ഫീസ് സംബന്ധിച്ച് ധാരണയിൽ എത്തിയിരുന്നില്ല. ഇപ്പോൾ നാൽപ്പത്തിയഞ്ച് മില്യൺ തുടക്കത്തിലും അഞ്ചു മില്യൺ ആഡ് ഓണുകളും ചേർത്തുള്ള കരാറിലാണ് ലെവൻഡോസ്കി ബാഴ്സയിൽ എത്തിയത്. ബയേൺ വിടണമെന്നും ബാഴ്സലോണ ട്രാൻസ്ഫറാണ് പരിഗണിക്കുന്നതെന്നും ലെവൻഡോസ്കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
"അവസാനം ബാഴ്സലോണ ഓഫർ ചെയ്ത തുകക്ക് റോബർട്ട് ലെവൻഡോസ്കിയെ വിൽക്കുന്നത് ഞങ്ങൾക്ക് ഉചിതമായ കാര്യമായി തോന്നി. അതിനു പുറമെ ഞങ്ങൾ ട്രാൻസ്ഫർ മാർക്കറ്റിൽ വിജയകരമായ ഇടപെടൽ നടത്തുകയും ലോകോത്തര താരമായ സാഡിയോ മാനെയെ സ്വന്തമാക്കുകയും ചെയ്തു."
"ബയേണിനു വേണ്ടി ഏറ്റവും മികച്ചത് നേടിയെടുക്കുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. ഞങ്ങൾ കരുത്തോടു കൂടി ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നു. അവസാനം റോബർട്ടിന് ക്ലബ് വിടാനുള്ള അനുവാദം നൽകുകയാണ് നല്ലതെന്നു തോന്നി. അതിന്റെ ഫലത്തിൽ ഞങ്ങൾക്ക് ബയേണിൽ നന്നായി തുടരാൻ കഴിയും." ബിൽഡിനോട് ഒലിവർ ഖാൻ പറഞ്ഞു.
ലെവൻഡോസ്കി ക്ലബ് വിട്ടതിനു പകരക്കാരനെ കണ്ടെത്താൻ ബയേൺ മ്യൂണിക്ക് ശ്രമിക്കുമെന്ന സൂചനകളും അദ്ദേഹം നൽകി. നിലവിലെ സ്ക്വാഡ് വളരെ മികച്ചതാണെങ്കിലും ട്രാൻസ്ഫർ മാർക്കറ്റിൽ ബയേൺ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.