Transfers

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനായി ബയേൺ മ്യൂണിക്ക് നീക്കം നടത്തില്ലെന്ന് വ്യക്തമാക്കി ഒലിവർ ഖാൻ

Vaisakh. M
A move to Bayern Munich is off the table for Cristiano Ronaldo
A move to Bayern Munich is off the table for Cristiano Ronaldo / Matthew Ashton - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനായി ബയേൺ മ്യൂണിക്ക് നീക്കം നടത്തില്ലെന്ന് വ്യക്തമാക്കി ജർമൻ ക്ലബിന്റെ സിഇഒ ആയ ഒലിവർ ഖാൻ. അത്തരമൊരു നീക്കം ക്ലബ്ബിന്റെ ഫിലോസഫിക്ക് യോജിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സമ്മർ ട്രാൻസ്ഫറിൽ അനുയോജ്യമായ ഓഫർ ലഭിച്ചാൽ തന്റെ ട്രാൻസ്ഫർ പരിഗണിക്കണമെന്ന് റൊണാൾഡോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റൊണാൾഡോയെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബുകളുടെ പട്ടിക നീണ്ടതല്ല. അത്തരമൊരു പട്ടികയിൽ ബയേൺ ഉണ്ടാകുമായിരുന്നെങ്കിലും, താരത്തെ സ്വന്തമാക്കാൻ ശ്രമിക്കില്ലെന്ന സന്ദേശമാണ് ഖാന്റെ വാക്കുകൾ നൽകുന്നത്.

"ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറ്റവും മികച്ച താരങ്ങളിലൊരായി ഞാൻ വിലയിരുത്തുന്നുണ്ടെങ്കിലും, ഞങ്ങളുടെ ഫിലോസഫിക്ക് ആ ഒരു ട്രാൻസ്ഫർ അനുയോജ്യമാകില്ല," ഖാൻ ജർമ്മൻ പ്രസിദ്ധീകരണമായ കിക്കറിനോട് പറഞ്ഞു.

ഇക്കാര്യത്തിൽ ഖാൻ കൂടുതൽ വിശദീകരണം നൽകിയില്ലെങ്കിലും റൊണാൾഡോയിൽ ബയേണിനു താത്പര്യമില്ലെന്ന കാര്യം ഈ അഭിപ്രായത്തിൽ തന്നെ വ്യക്തമായിക്കഴിഞ്ഞു.

അതേ സമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിയും, ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയുമാണ് റൊണാൾഡോയെ സ്വന്തമാക്കാൻ സാധ്യതയുള്ള രണ്ട് ക്ലബുകൾ. ഒരു ഗ്ലോബൽ സൂപ്പർതാരത്തെ സൈൻ ചെയ്യാൻ തയ്യാറായി നിൽക്കുന്ന ചെൽസി ഉടമ ടോഡ് ബോഹ്‌ലി റൊണാൾഡോക്കായി ആദ്യ ബിഡ് സമർപ്പിക്കാനുള്ള നീക്കത്തിലാണെന്നു 90min മനസിലാക്കുന്നു. പിഎസ്‌ജിക്കും റൊണാൾഡോയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ശ്രമം നടത്തുമോയെന്നത് കാത്തിരുന്നു കാണേണ്ടിവരും.

അതേ സമയം, കിരീടങ്ങളിലും വ്യക്തിഗത നേട്ടങ്ങളിലും നോട്ടമുള്ള റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അതു സാധ്യമാവില്ലെന്ന ബോധ്യമുണ്ട്. യുണൈറ്റഡിനു ചാമ്പ്യൻസ്‌ ലീഗ് യോഗ്യതയില്ലാത്തതും ക്ലബ് വിടാനുള്ള താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. 15 മില്യൺ പൗണ്ടിനടുത്ത് ട്രാൻസ്ഫർ ഫീ ലഭിച്ചാൽ റൊണാൾഡോയെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit