ഡി ലൈറ്റ് ബയേണിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി ഒലിവർ കാൻ


യുവന്റസ് പ്രതിരോധതാരം മത്തിജ്സ് ഡി ലൈറ്റിനു വേണ്ടി ബയേൺ ചർച്ചകളാരംഭിച്ചുവെന്നും താരം ബയേണിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി ക്ലബ്ബ് സിഇഒ ഒലിവർ കാൻ.
ബയേണുമായി ഏറെക്കാലമായി അഭ്യൂഹങ്ങൾ നിലവിലുള്ള താരമാണ് ഡി ലൈറ്റ്. താരത്തിനായി രംഗത്തുള്ള ചെൽസിയെ മറികടന്നു താരത്തെ സ്വന്തമാക്കാൻ സാധിക്കുമെന്ന് ബയേൺ ആത്മവിശ്വാസത്തിലാണെന്ന് 90min അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
താരവുമായി വ്യക്തിഗത നിബന്ധനകൾ അംഗീകരിച്ചെങ്കിലും ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ കൂടുതൽ വെല്ലുവിളി നേരിടുന്നുണ്ട്. ഡി ലൈറ്റിനായി 100 മില്യൺ യൂറോയാണ് യുവന്റസ് ആവശ്യപ്പെടുന്നതെന്ന് 90min മനസിലാക്കുന്നു.
ശനിയാഴ്ച താരത്തിനായി നടത്തിയ നീക്കത്തേക്കുറിച്ച് ചോദിച്ചപ്പോൾ ഒലിവർ കാൻ ചർച്ചകൾ തുടരുന്നതായി സ്ഥിരീകരിച്ചു.
"ഞങ്ങൾ സംസാരിച്ചു. കളിക്കാരൻ (ഡി ലൈറ്റ്) ബയേൺ മ്യൂണിക്കിലേക്ക് വരാൻ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് കൂടുതൽ ചർച്ചകൾ ഉണ്ടാകും, തുടർന്ന് കാര്യങ്ങൾ എങ്ങനെ പോകുമെന്ന് മനസിലാകും. എന്തെങ്കിലും പ്രവചനങ്ങൾ നടത്തുന്നതിൽ ഞാൻ വളരെ ശ്രദ്ധാലുവാണ്," അദ്ദേഹം ജർമൻ മാധ്യമമായ ബയേറിഷർ റണ്ട്ഫങ്കിനോട് പറഞ്ഞു
ശനിയാഴ്ച ബയേണിന് തിരക്കേറിയ ദിവസമായിരുന്നു. ആദ്യം, റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. കൂടാതെ സെർജ് ഗ്നാബ്രി ക്ലബുമായുള്ള കരാർ നാല് വർഷത്തേക്ക് പുതുക്കുകയും ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.