ലെവൻഡോസ്‌കിയുമായി കരാർ പുതുക്കൽ എളുപ്പമല്ലെന്ന് ബയേൺ മ്യൂണിക്ക് സിഇഒ ഒലിവർ ഖാൻ

Oliver Kahn Adresses Contract Dealings With Lewandowsk
Oliver Kahn Adresses Contract Dealings With Lewandowsk / Stuart Franklin/GettyImages
facebooktwitterreddit

അടുത്ത സീസണോടെ കരാർ പൂർത്തിയാകുന്ന ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കിയുടെ കരാർ പുതുക്കൽ എളുപ്പത്തിൽ നടക്കുന്ന കാര്യമല്ലെന്ന് ജർമൻ ക്ലബിന്റെ സിഇഒയും ഇതിഹാസതാരവുമായ ഒലിവർ ഖാൻ. ബയേൺ മ്യൂണിക്ക് ഇതുവരെയും ട്രാൻസ്‌ഫർ ചർച്ചകൾ ആരംഭിക്കാത്തതിനാൽ താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് ഒലിവർ ഖാന്റെ പ്രതികരണം.

മുപ്പത്തിമൂന്നു വയസുള്ള റോബർട്ട് ലെവൻഡോസ്‌കി നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ്. എന്നാൽ തുടർച്ചയായ അഞ്ചാം വർഷവും ജർമൻ ലീഗിലെ ടോപ് സ്‌കോറർ പദവിയിലേക്ക് കുതിക്കുന്ന താരത്തിന്റെ കരാർ പുതുക്കാനുള്ള ചർച്ചകൾ ഇതുവരെയും ബയേൺ മ്യൂണിക്ക് ആരംഭിച്ചിട്ടില്ല. ഇതിനിടയിൽ താരത്തിനായി ബാഴ്‌സലോണ ശക്തമായി രംഗത്തു വന്നിട്ടുമുണ്ട്.

"ഞങ്ങൾ റോബെർട്ടുമായി ആശയവിനിമയം നടത്തുന്നുണ്ട്, താരം സാധ്യമായ കാലത്തോളം ബയേണിൽ തുടരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ഓൺലൈൻ മാനേജർ ഗെയിം പോലെ ഒരിടത്ത് ക്ലിക്ക് ചെയ്‌താൽ കോണ്ട്രാക്റ്റ് പുതുക്കുന്ന തരത്തിലാണ് കരാർ ചർച്ചകളെന്നാണ് പലറരും വിശ്വസിക്കുന്നത്." സ്പോർട്ട് വണിനോട് ഒലിവർ ഖാൻ പറഞ്ഞു.

"ഓരോ വർഷവും മുപ്പതും നാൽപതും ഗോളുകൾ നേടാൻ കഴിവുള്ള താരമാണ് ലെവൻഡോസ്‌കി. തീർച്ചയായും ചില സമയങ്ങളിൽ അത്തരം കളിക്കാർക്ക് 'ഞാനിവിടെ നിന്ന് എല്ലാ നേട്ടങ്ങളും സ്വന്തമാക്കി, എല്ലാ കിരീടങ്ങളും നേടി' എന്ന തോന്നൽ ഉണ്ടാകും. അങ്ങിനെയുണ്ടായാൽ അവരെ തുടരാൻ സമ്മതിപ്പിക്കാൻ സമയമെടുക്കും." ഒലിവർ ഖാൻ വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു പിന്നാലെ ബയേൺ പരിശീലകൻ ജൂലിയൻ നാഗേൽസ്‌മാനെതിരെ വധഭീഷണി ഉണ്ടായതിനെതിരെയും ഒലിവർ ഖാൻ വിമർശിച്ചു. വിമർശനങ്ങൾ സ്വാഭാവികമായ കാര്യമാണെങ്കിലും ഇത് അതിർവരമ്പുകൾ കടന്നുവെന്നും ഭീരുത്വമാണിതെന്നും ഖാൻ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.