'അതെനിക്ക് ഇഷ്ടപ്പെട്ടില്ല'; പെനാൽറ്റിക്ക് മുൻപ് ബ്രൂണോയെ വളഞ്ഞ വില്ല‌ താരങ്ങളുടെ പ്രവർത്തിയെ വിമർശിച്ച് സോൾഷ്യർ

Manchester United v Aston Villa - Premier League
Manchester United v Aston Villa - Premier League / Gareth Copley/Getty Images
facebooktwitterreddit

ഇന്ന് ആസ്റ്റൺ വില്ലക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനറ്റിയെടുക്കാൻ വന്ന ബ്രൂണോ ഫെർണാണ്ടസിന് ചുറ്റും എതിർ താരങ്ങൾ തിങ്ങി നിറഞ്ഞതിൽ രോഷം പ്രകടിപ്പിച്ച് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ. പെനാൽറ്റി ഏരിയയിൽ ബ്രൂണോയെ ചുറ്റി വളഞ്ഞ ആസ്റ്റൺ വില്ല താരങ്ങളുടെ രീതിയെ വിമർശിച്ച സോൾഷ്യർ, അത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി. മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു യുണൈറ്റഡ് ബോസ്.

ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചപ്പോളായിരുന്നു ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. പെനാൽറ്റിയെടുക്കാൻ ബ്രൂണോ വന്നതിനൊപ്പം ഇരു ടീമുകളിലേയും താരങ്ങൾ പെനാൽറ്റി ഏരിയ വളയുകയും ഇത്‌മൂലം സ്പോട്ട് കിക്ക്‌ വൈകുകയുമായിരുന്നു. ശേഷം കിക്കെടുത്ത ബ്രൂണോയുടെ ഷോട്ടാകട്ടെ പിഴക്കുകയും, പെനാൽറ്റി പുറത്തേക്ക് പോവുകയുമായിരുന്നു. പെനാൽറ്റിയെടുക്കുന്ന കാര്യത്തിൽ മികച്ച റെക്കോർഡുള്ള ബ്രൂണോക്ക് ആസ്റ്റൺ വില്ലക്കെതിരെ പിഴച്ചതിന് എതിർ താരങ്ങളുടെ പ്രവർത്തികളും കാരണമായെന്ന തരത്തിലാണ് സോൾഷ്യർ മത്സരശേഷം സംസാരിച്ചത്.

"ഒന്നാമതായി അവർ പെനാൽറ്റി സ്പോട്ടിൽ ചുറ്റിക്കറങ്ങിയ രീതി, ബ്രൂണോയെ ചുറ്റിയത്, അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. അത് ഞാൻ മനസിലാക്കുന്നു, എന്നാൽ അത് ആ രീതിയിൽ ആയിരിക്കരുത്.. ബ്രൂണോ ഇത്തരം സ്ഥാനങ്ങളിൽ വളരെ മികച്ചവനാണ്. നിർഭാഗ്യവശാൽ ഇത് അദ്ദേഹത്തിന് നഷ്ടമായി. ഇതൊന്നും ബ്രൂണോയെ ബാധിക്കില്ല. അദ്ദേഹം മാനസികമായി കരുത്തനാണ്. അദ്ദേഹം ഇനിയും മുന്നോട്ട് പോകും"

"എനിക്ക് ഇഷ്ടപ്പെടാത്തത് അവർ പെനാൽറ്റി ഏരിയയിൽ തിങ്ങിനിറഞ്ഞതാണ്. അത് അവർക്ക് വ്യക്തമായി പ്രവർത്തിച്ചു. എന്നാൽ അത് കാണാൻ അത്ര മികച്ചതല്ല. അവർ ആഗ്രഹിച്ചത് അവർ നേടി." സോൾഷ്യർ പറഞ്ഞു നിർത്തി.

പെനാൽറ്റിയെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം പരിഗണിക്കുന്ന കളികാരൻ ബ്രൂണോ ഫെർണാണ്ടസാണോയെന്ന ചോദ്യവും സംസാരത്തിനിടെ സോൾഷ്യറിന് നേരിടേണ്ടി വന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് മത്സരങ്ങൾക്ക് മുൻപാണെന്നാണ് യുണൈറ്റഡ് ബോസ് മറുപടി നൽകിയത്.

അതേ സമയം ആസ്റ്റൺ വില്ലക്കെതിരെ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി പാഴാക്കിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ചു എന്നതാണ് വാസ്തവം. ക്ലബ്ബിനായി ഇതിന് മുൻപെടുത്ത 22 പെനാൽറ്റികളിൽ ഒരെണ്ണം മാത്രമായിരുന്നു ബ്രൂണോ നഷ്ടപ്പെടുത്തിയിരുന്നത്. ബ്രൂണോ ക്ലബ്ബിനായി തന്റെ രണ്ടാമത്തെ പെനാൽറ്റി പാഴാക്കിയ മത്സരത്തിലാകട്ടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ആസ്റ്റൺ വില്ലയോട് പരാജയപ്പെടുകയും ചെയ്തു.