Football in Malayalam

കഴിഞ്ഞ സമ്മറിൽ പുതിയ മിഡ്ഫീൽഡറെ സ്വന്തമാക്കുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതിൽ സോൾഷ്യർ അസന്തുഷ്ടൻ

By Gokul Manthara
Newcastle United v Manchester United - Premier League
Newcastle United v Manchester United - Premier League / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ വേനൽക്കാല‌ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ മധ്യനിര താരത്തെ സ്വന്തമാക്കുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതിൽ ഒലെ ഗണ്ണർ സോൾഷ്യർ അസന്തുഷ്ടനെന്ന് റിപ്പോർട്ടുകൾ. നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ താൻ സന്തുഷ്ടനാണെന്ന് ആവർത്തിച്ച് പറയുന്ന സോൾഷ്യർ, ഏഴോളം വ്യത്യസ്ത മിഡ്ഫീൽഡ് കോമ്പിനേഷനുകളെ ഈ സീസണിൽ മാറി മാറി ഉപയോഗിച്ചു കഴിഞ്ഞു. അതിനിടെയാണ് സമ്മറിൽ പുതിയ മിഡ്ഫീൽഡറെത്താത്തതിൽ അദ്ദേഹം വ്യക്തിപരമായി അസന്തുഷ്ടനാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പോയ സമ്മറിൽ ഡെക്ലാൻ റൈസ്, ഏഡ്വോഡോ കാമവിംഗ, ലിയോൺ ഗൊരട്സ്ക, ഔറേലിയൻ ചൗമേനി എന്നിവരിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കണ്ണുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇവരിലാരെയും സ്വന്തമാക്കാൻ കഴിയാതിരുന്ന റെഡ് ഡെവിൾസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാൻ, ജേഡൻ സാഞ്ചോ എന്നിവരെ ടീമിലേക്ക് കൊ‌ണ്ടു വരുന്നതിനാണ് മുൻഗണന നൽകിയത്.

ഈ സീസണിൽ മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അവസാന മൂന്ന് മത്സരങ്ങളിൽ വിജയം കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ഈ മത്സരങ്ങളിൽ ടീമിന്റെ മധ്യത്തിലുള്ള ദുർബലത വെളിവാക്കപ്പെടുകയും ചെയ്തു. ടീമിന്റെ മധ്യനിര പ്രതീക്ഷിച്ച മികവിലേക്ക് ഉയരുന്നില്ലെ‌ന്ന് പലയിടത്ത് നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയൊരു മിഡ്ഫീൽഡറെ ഇക്കുറി ടീമിലേക്ക് കൊണ്ടു വരുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യർ അതീവ തല്പരനായിരുന്നുവെന്നും എന്നാൽ ക്ലബ്ബിന് അതിന് കഴിയാത്തതിൽ അദ്ദേഹത്തിന് കടുത്ത അസന്തുഷ്ടിയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

അതേ സമയം കഴിഞ്ഞ സമ്മറിൽ ഒരു സെൻട്രൽ മിഡ്ഫീൽഡറെ സൈൻ ചെയ്യാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡ് കാണിച്ച അബദ്ധമാണെന്ന് മുൻ ഇംഗ്ലീഷ് സ്ട്രൈക്കറായ അലൻ ഷിയററും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം സെൻട്രൽ മിഡ്ഫീൽഡിലായിരുന്നുവെന്നും ഇക്കുറിയും ആ സ്ഥാനത്തേക്ക് പുതിയ താരത്തെ കൊണ്ടു വരാതിരുന്നത വലിയ തെറ്റായിരുന്നുവെന്നുമാണ് ലെസ്റ്റർ സിറ്റിക്കെതിരെ, മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ട മത്സരത്തിന് ശേഷം സംസാരിക്കവെ ഷിയറർ ചൂണ്ടിക്കാട്ടിയത്.

facebooktwitterreddit