Football in Malayalam

എവർട്ടണെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയത് ശരിയായ തീരുമാനമായിരുന്നുവെന്ന് സോൾഷ്യർ

Manchester United v Villarreal - UEFA Champions League
Manchester United v Villarreal - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

എവർട്ടണെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാർട്ടിംഗ് ഇലവനിൽ നിന്നൊഴിവാക്കാനുള്ള തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ‌. സീസണിൽ മികച്ച ഫോമിലുള്ള റൊണാൾഡോയെ എവർട്ടണിനെതിരായ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റിയ സോൾഷ്യറിന്റെ തീരുമാനത്തിനെതിരെ ഫുട്ബോൾ ലോകത്ത് വലിയ വിമർശനം ഉയരുന്നതിനിടെയാണ് താനെടുത്ത തീരുമാനത്തെ പ്രതിരോധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് രംഗത്തെത്തിയിരിക്കുന്നത്.

നീളമേറിയ സീസൺ മുന്നിൽക്കണ്ടു കണ്ടാണ് താൻ തീരുമാനങ്ങളെടുക്കുന്നതെന്നും കളികാരുടെ ജോലി ഭാരം തനിക്ക് നിയന്ത്രിച്ച് നിർത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയ സോൾഷ്യർ, അത് കൊണ്ടു തന്നെ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റിയ തന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് പറയുന്നത്. റൊണാൾഡോക്ക് പകരം സ്റ്റാർട്ടിംഗ് ഇലവനിൽ കളിച്ച ആന്തണി മാർഷ്യൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും, അദ്ദേഹത്തിന് ഗോൾ നേടാൻ കഴിഞ്ഞെന്നും ചൂണ്ടിക്കാട്ടിയ ഒലെ കവാനിക്കും സമയം ആവശ്യമായിരുന്നെന്നും പരാമർശിച്ചു. ചില സമയങ്ങളിൽ തങ്ങൾ അത്തരം ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സോൾഷ്യർ വ്യക്തമാക്കി.

"വളരെ ദൈർഘ്യമേറിയ ഒരു സീസണിലേക്ക് വേണ്ടിയാണ് നിങ്ങൾ തീരുമാനങ്ങളെടുക്കുന്നത്. നിങ്ങൾക്ക് കളികാരുടെ ജോലി ഭാരം നിയന്ത്രിച്ച് നിർത്തേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ശരിയായിരുന്നു‌."

"ആന്തണി മാർഷ്യൽ വരുകയും നന്നായി കളിക്കുകയും ചെയ്തു. അദ്ദേഹം മികച്ചൊരു ഗോളും സ്കോർ ചെയ്തു. എഡിൻസൺ കവാനിക്കും മിനുറ്റുകൾ ആവശ്യമാണ്, ഇന്ന് അദ്ദേഹത്തിന് ഒരു മണിക്കൂർ ലഭിച്ചു, ഒരു ഗോളും സ്കോർ ചെയ്യേണ്ടതായിരുന്നു‌. ചില സമയങ്ങളിൽ ഞങ്ങൾ ആ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്." എവർട്ടണെതിരെ റൊണാൾഡോയെ ബെഞ്ച് ചെയ്തതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് പത്രസമ്മേളനത്തിൽ സോൾഷ്യർ മറുപടി നൽകി‌.

അതേ സമയം എവർട്ടണിനെതിരായ മത്സരത്തിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം ലഭിച്ചില്ലെങ്കിലും അൻപത്തിയേഴാം മിനുറ്റിൽ പകരക്കാരനായി റൊണാൾഡോ കളത്തിലിറങ്ങിയിരുന്നു‌. എന്നാൽ ഈ മത്സരത്തിലാകട്ടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില കൊണ്ട് (1-1) തൃപ്തിപ്പെടേണ്ടി വരുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി നാൽപ്പത്തിമൂന്നാം മിനുറ്റിൽ ആന്തണി മാർഷ്യൽ വല കുലുക്കിയപ്പോൾ, അറുപത്തിയഞ്ചാം മിനുറ്റിൽ ആൻഡ്രോസ് ടൗൺസെൻഡാണ് എവർട്ടണിന്റെ സമനില ഗോൾ കണ്ടെത്തിയത്.

facebooktwitterreddit