Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവിൽ റൊണാൾഡോയുടെ അരങ്ങേറ്റം എന്നായിരിക്കുമെന്ന് സ്ഥിരീകരിച്ച് സോൾഷ്യർ

By Gokul Manthara
Manchester United's Portugese midfielder
Manchester United's Portugese midfielder / ADRIAN DENNIS/Getty Images
facebooktwitterreddit

ശനിയാഴ്ച ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളത്തിലിറങ്ങുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ. മത്സരത്തിന് മുന്നോടിയായി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഓൾഡ് ട്രാഫോഡിലേക്കുള്ള തിരിച്ചു വരവിൽ റൊണാൾഡോയുടെ അരങ്ങേറ്റം ന്യൂകാസിലിനെതിരെ സംഭവിക്കുമെന്ന് സോൾഷ്യർ വ്യക്തമാക്കിയത്. എന്നാൽ താരം സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിക്കുമോ അതോ പകരക്കാരനായിട്ടാകുമോ കളത്തിലെത്തുക എന്ന കാര്യം വ്യക്തമാക്കാൻ യുണൈറ്റഡ് ബോസ് തയ്യാറായില്ല.

"യുവന്റസിനൊപ്പം മികച്ചൊരു പ്രീസീസൺ അവനുണ്ടായിരുന്നു. ദേശീയ ടീമിനായും അവൻ കളിച്ചു. ഞങ്ങൾക്കൊപ്പവും വളരെ മികച്ചൊരു ആഴ്ചയായിരുന്നു അദ്ദേഹത്തിന്റേത്. ഉറപ്പായും മത്സരത്തിന്റെ (ന്യൂകാസിലിനെതിരെ) ഏതെങ്കിലുമൊരു ഘട്ടത്തിൽ അവൻ തീർച്ചയായും കളിക്കളത്തിലുണ്ടാകും." സോൾഷ്യർ പറഞ്ഞു.

റൊണാൾഡോ യുണൈറ്റഡിൽ നിന്ന് പോയതിന് ശേഷവും തങ്ങളെല്ലാം അദ്ദേഹത്തിന്റെ കരിയർ ദൂരെ മാറി നിന്ന് പിന്തുടർന്നിരുന്നുവെന്ന് വ്യക്തമാക്കിയ സോൾഷ്യർ, അദ്ദേഹം ക്ലബ്ബിലേക്ക് തിരിച്ചെത്തിയതിൽ എല്ലാവർക്കും സന്തോഷമുണ്ടെന്നും ചൂണ്ടിക്കാട്ടി. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിൽ റൊണാൾഡോയും സന്തോഷിക്കുന്നുണ്ടെന്നും വളരെ മികച്ച മനോനിലയിലാണ് അദ്ദേഹമുള്ളതെന്നും ഇതിനൊപ്പം വ്യക്തമാക്കിയ യുണൈറ്റഡ് പരിശീലകൻ തങ്ങൾ ശനിയാഴ്ചക്കായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രണ്ടാം സ്പെല്ലിന് തുടക്കം കുറിക്കാനൊരുങ്ങുമ്പോൾ ആരാധകരും വലിയ ആവേശത്തിലാണ്. ക്ലബ്ബിനൊപ്പമുള്ള തന്റെ ആദ്യ സ്പെല്ലിൽ കാഴ്ച വെച്ച പ്രകടനങ്ങൾ രണ്ടാം തവണയും ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ. നേരത്തെ 2003 മുതൽ 2009 വരെയായിരുന്നു ക്ലബ്ബിൽ താരത്തിന്റെ ആദ്യ സ്പെൽ. അന്ന് അലക്സ് ഫെർഗൂസൻ എന്ന വിഖ്യാത പരിശീലകന് കീഴിൽ യുണൈറ്റഡിൽ നിറഞ്ഞാടിയ റോണോ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും, ഒരു ചാമ്പ്യൻസ് ലീഗും അവർക്കൊപ്പം സ്വന്തമാക്കിയിരുന്നു.

facebooktwitterreddit