കഴിഞ്ഞ വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനു പിന്നിലായിപ്പോയി, അവരെ മറികടക്കുകയാണു ലക്ഷ്യമെന്ന് സോൾഷെയർ

Sreejith N
Leicester City v Manchester United - Premier League
Leicester City v Manchester United - Premier League / Visionhaus/GettyImages
facebooktwitterreddit

കഴിഞ്ഞ ഏതാനും വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനു പിന്നിലാണെന്നു സമ്മതിച്ച് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലിവർപൂളിനെ മറികടക്കുക തങ്ങളുടെ ലക്ഷ്യമാണെന്നും സോൾഷെയർ വ്യക്തമാക്കി.

"രണ്ടു ക്ലബുകളുടെയും ചരിത്രം പരിശോധിക്കുമ്പോൾ ഇതൊരു വലിയ വൈരി തന്നെയാണ്. ഇരുവർക്കുമിടയിലുള്ള ചരിത്രവും രണ്ടു ക്ലബുകളും വിജയിച്ച കിരീടങ്ങളും രണ്ടു നഗരങ്ങളും അതിനെ മികച്ചതാക്കുന്നു. അവർ വളരെ മികച്ച ക്ലബാണെന്നും ഒന്നാന്തരം ടീമാണെന്നും കയ്യുയർത്തി പറയേണ്ട തരത്തിലുള്ള വൈരിയാണിത്." സോൾഷെയർ മാധ്യമങ്ങളോട് പറഞ്ഞു.

"ഞങ്ങൾ അവരെക്കാൾ മികച്ചതാണെന്നു ഉറപ്പു വരുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ നാലു വർഷങ്ങളായി അവർ അതിഗംഭീരമായ ടീമാണ്, ഞങ്ങളവരുടെ പിന്നിലുമാണ്. നാല് വർഷം ഞങ്ങളവരെ പിന്തുടർന്നെങ്കിലും പിന്നിലായിപ്പോയി."

"ഇപ്പോൾ ഞങ്ങൾ മുന്നോട്ടുള്ള ചുവടുകൾ വെച്ച് കഴിഞ്ഞു. അടുത്ത ചുവട് വീണ്ടും അവർക്കു മുന്നിലെത്തുക എന്നതാണ്, കാരണം കഴിഞ്ഞ സീസണിൽ ഞങ്ങൾ അവർക്കു മുന്നിലായിരുന്നു. എന്നാൽ അത് ചരിത്രമാണ്, ഈ സീസണിൽ ഞങ്ങൾക്ക് കൂടുതൽ നേടാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്." സോൾഷെയർ വ്യക്തമാക്കി.

സൂപ്പർതാരങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും സമ്മിശ്രമായ പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഏതാനും മാസങ്ങൾക്കുള്ളിൽ ഫോമിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയും സോൾഷെയർ പ്രകടിപ്പിച്ചു. നിരവധി മികച്ച താരങ്ങൾക്കൊപ്പം ജോലി ചെയ്യുന്നത് വളരെ ആവേശം നിറഞ്ഞ കാര്യമാണെന്നും അവർ താളം കണ്ടെത്തുക മാത്രമാണു വേണ്ടതെന്നും സോൾഷെയർ വ്യക്തമാക്കി.

കഴിഞ്ഞ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ടു തോൽവിയും ഒരു സമനിലയും വഴങ്ങിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിലെ നേരിടാനിറങ്ങുന്നത്. അതേസമയം ഈ സീസൺ ആരംഭിച്ചതിനു ശേഷം ഒരു മത്സരം പോലും ലിവർപൂൾ തോറ്റിട്ടില്ല.

facebooktwitterreddit