മേധാവിത്തം ഉറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്, അടുത്ത എതിരാളികൾ ഒഡിഷ എഫ്‌സി

ഐ.എസ്.എല്ലിലെ മേധാവിത്തം ഊട്ടിയുറപ്പിക്കാൻ മഞ്ഞപ്പട നാളെ ഒഡിഷ എഫ്.സിയെ നേരിടുന്നു. സീസണിൽ അത്യപൂർവമായ നേട്ടം കൈവരിച്ച ബ്ലാസ്റ്റേഴ്സ് ലീഗിലെ ഏറ്റവും ശക്തമായ ടീമാണിപ്പോൾ. 10 മത്സരത്തിൽ ഒൻപതിലും തോൽവി അറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഒഡിഷ എഫ്.സിയാണ് നാളത്തെ എതിരാളികൾ.
പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഒഡിഷയുടെ സ്ഥാനം. ബ്ലാസ്റ്റേഴ്സിനെക്കാൾ രണ്ട് മത്സരം കുറവാണ് ഒഡിഷക്ക്. ലീഗിൽ ആർക്കു ആരേയും തോൽപ്പിക്കാമെന്നിരിക്കെ ഒഡിഷക്കെതിരേയുള്ള മത്സരത്തിലും മഞ്ഞപ്പട ജാഗരൂഗരാണ്.
ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ ജെസ്സൽ കർനെയ്‌റോ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങുക. അതെ പൊസിഷനിൽ കളിക്കുന്ന നിഷു കുമാറിന് ജെസ്സലിന്റെ അഭാവം പാവം നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രധിരോധത്തിൽ വിദേശ താരം സിപോവിച്ച് ഒഡിഷക്കെതിരേയും കളത്തിലിറങ്ങില്ലെന്നാണ് സൂചന. ഹൈദരാബാദിനെതിരേ പ്രതിരോധത്തിലുണ്ടായിരുന്ന ഹോർമിപാം തന്നെയാകും പ്രതിരോധത്തിലുണ്ടാവുക.
ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം അപരാജിത കുതിപ്പ് നടത്തുന്ന ബ്ലാസ്റ്റേഴ്സിന് തന്നെയാകും മത്സരത്തിൽ മാനസിക ആധിപത്യം. കൊമ്പൻമാർക്ക് അത് മുതലെടുക്കാൻ കഴിഞ്ഞാൽ ഒഡിഷക്കെതിരേ മൂന്ന് പോയിൻ്റുമായി ബ്ലാസ്റ്റേഴ്സിന് മടങ്ങാം. അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ 4-2ന് തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസം ഒഡിഷക്കുണ്ടാകും. അതിനാൽ, ഒഡീഷയെ പൂർണമായി എഴുതിത്തള്ളാൻ കഴിയില്ല.
സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ക്ലബായ ഒഡീഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഗോളുകൾ നേടുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനൊപ്പം, ഒഡീഷ ആക്രമണത്തെ നിർവീര്യമാക്കാൻ കൂടി കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് വിജയം സുനിശ്ചിതം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.