ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുമായി ചേർന്നു പ്രവർത്തിക്കാനുള്ള കരാർ ഒപ്പുവെച്ച് ഐഎസ്എൽ ക്ലബ് ഒഡിഷ എഫ്‌സി

Sreejith N
Watford v Swansea City - Sky Bet Championship
Watford v Swansea City - Sky Bet Championship / Richard Heathcote/Getty Images
facebooktwitterreddit

ഐഎസ്എൽ ക്ലബായ ഒഡിഷ എഫ്‌സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വാട്ഫോഡുമായി ചേർന്നു പ്രവർത്തിക്കാനുള്ള ഇന്റർനാഷണൽ ക്ലബ് പാർട്ണർഷിപ്പ് കരാറിൽ ഒപ്പുവെച്ചു. ഒഡിഷ എഫ്‌സി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫുട്ബോൾ, ഫുട്ബോൾ ഇതര വശങ്ങളെ ഉൾക്കൊള്ളുന്ന ഈ കരാർ രണ്ടു വിഭാഗത്തിനും പ്രയോജനം നൽകുന്ന ഒന്നാണ്.

ഒഡിഷയിലെ ഫുട്ബോൾ സാഹചര്യങ്ങളിൽ വളരെയധികം വളർച്ചയുണ്ടാക്കാൻ സഹായിക്കുന്ന ഈ കരാർ പ്രകാരം ഒഡിഷ എഫ്‌സിയുടെ യൂത്ത് സിസ്റ്റത്തെ ഉണ്ടാക്കിയെടുക്കാൻ വാട്ഫോഡ് സഹായിക്കും. ഇതിനു പുറമെ ഒഡിഷ എഫ്‌സിയുടെ എലൈറ്റ് യൂത്ത് ടീമിന് വാട്ഫോഡിന്റെ സീനിയർ ടീമുമായോ അക്കാദമി ടീമുമായോ കളിക്കാനുള്ള അവസരവും ഒരുങ്ങുന്നുണ്ട്.

യുവ ഫുട്ബോൾ താരങ്ങളുടെ സ്‌കൗട്ടിങ്ങും പരിശീലനവും ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഇരു ക്ലബുകളും പരസ്‌പരം പിന്തുണക്കും. ഇതിനൊപ്പം വ്യത്യസ്‌തമായ പരിപാടികളിൽ ഇരുവരും സഹകരിച്ചു പ്രവർത്തിക്കും. ഇന്ത്യയിലെ വനിതാ ഫുട്ബോളിന്റെ വികസനത്തിനായി ക്ലബുകൾക്ക് ഒരുമിച്ച് പ്രവർത്തിക്കാനും വനിതാ ടീമുകൾക്കിടയിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

ഇതിനു പുറമെ ഒഡിഷ എഫ്‌സിക്ക്‌ പ്രീ സീസണിന്റെ ഭാഗമായി വാട്ഫോഡിലേക്ക് പോവാനും അവരുടെ ടീമിനൊപ്പം പരിശീലനം നടത്താനും ഇംഗ്ലണ്ടിൽ മത്സരങ്ങൾ കളിക്കാനും കഴിയും. താരങ്ങളെയും പരിശീലകരെയും സ്റ്റാഫുകളെയും ടീമിന്റെ ഭാഗമാക്കുന്നതിനും കളിയുടെ തന്ത്രപരമായതും സാങ്കേതിക മികവ് വർധിപ്പിക്കുന്നതിനുമുള്ള കാര്യങ്ങളിലും ക്ലബുകൾ സഹകരിക്കും.

വാട്ഫോഡുമായുള്ള കരാർ ഒപ്പിടാൻ കഴിഞ്ഞത് വളരെയധികം ആവേശമുണ്ടാക്കുന്ന കാര്യമാണെന്ന് ഒഡിഷ എഫ്‌സിയുടെ പ്രസിഡന്റായ രാജ് അത്വാൾ പറഞ്ഞു. രണ്ടു ക്ലബുകൾക്കും ആഗോള തലത്തിൽ തങ്ങളുടെ ബ്രാൻഡുകളെ വളർത്താനുള്ള ആഗ്രഹത്തിനൊപ്പം ഭാവി കളിക്കാരെ വളർത്തിയെടുക്കാനുള്ള പ്ലാറ്റുഫോമായും ഇതു മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit