റയൽ മാഡ്രിഡിനെക്കുറിച്ച് ഹാലൻഡുമായി സംസാരിച്ചിട്ടുണ്ടെന്ന് ആഴ്‌സണൽ താരം ഒഡേഗാർഡ്

Odegaard Reveals Haaland Asked About Real Madrid
Odegaard Reveals Haaland Asked About Real Madrid / Quality Sport Images/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ്ങ് ഹാലൻഡുമായി റയൽ മാഡ്രിഡിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി മുൻ ലോസ് ബ്ലാങ്കോസ് താരവും നിലവിൽ പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സനലിന്റെ മിഡ്‌ഫീൽഡറുമായ മാർട്ടിൻ ഒഡേഗാർഡ്. അടുത്ത സമ്മറിൽ ഹാലൻഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായി നിൽക്കെയാണ് നോർവേ ടീമിലെ സഹതാരമായ ഒഡേഗാർഡ് ഇക്കാര്യം പറഞ്ഞത്.

ഈ സമ്മറിൽ റിലീസ് ക്ലോസ് നിലവിൽ വരുന്ന ഹാലൻഡിനെ എഴുപത്തിയഞ്ചു മില്യൺ യൂറോ നൽകി സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെങ്കിലും അതിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ സിറ്റിക്കുമാണ്. ബാഴ്‌സലോണ, പിഎസ്‌ജി എന്നിവരും സ്വന്തമാക്കാൻ ശ്രമിക്കുന്ന ഹാലൻഡ്‌ ഭാവിയെക്കുറിച്ച് ഇതുവരെയും ഒരു തീരുമാനവും എടുത്തിട്ടില്ല.

"ഞങ്ങൾ അടുത്ത സുഹൃത്തുക്കളായതിനാൽ തന്നെ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്, ഞാൻ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്തെക്കുറിച്ചടക്കം. അതെ, ഞങ്ങൾ റയൽ മാഡ്രിഡിനെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. പക്ഷെ, അതിൽ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല." ഒഡേഗാർഡ് കഴിഞ്ഞ ദിവസം പറഞ്ഞു.

അതേസമയം ഹാലൻഡിനെ മീഡിയകളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിച്ച് സ്ലോവാക്യ, അർമേനിയ എന്നിവർക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ സഹായിക്കുമെന്ന് നോർവേ പരിശീലകൻ സോൾബാക്കൻ പറഞ്ഞു. താരം പറയുന്ന ഓരോ വാക്കുകളും വളച്ചൊടിക്കുന്നതാണ് കാണാൻ കഴിയുന്നതെന്നും അതൊരു കുഴപ്പം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.