Football in Malayalam

ആഴ്‌സനലിന്റെ മാനസികാവസ്ഥയിൽ പ്രശ്‌നങ്ങളുണ്ട്, എവർട്ടനെതിരായ തോൽവിയുടെ കാരണം വ്യക്തമാക്കി ഒഡേഗാർഡ്

Sreejith N
Everton v Arsenal - Premier League
Everton v Arsenal - Premier League / Naomi Baker/GettyImages
facebooktwitterreddit

എവർട്ടനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആഴ്‌സണൽ തോൽവി വഴങ്ങാൻ കാരണം ടീമിന്റെ മാനസികാവസ്ഥയിലുള്ള പ്രശ്‌നങ്ങളാണെന്ന് മധ്യനിര താരം മാർട്ടിൻ ഒഡേഗാർഡ്. നോർവീജിയൻ താരം നേടിയ ഗോളിൽ മുന്നിലെത്തിയ ആഴ്‌സനലിനെ രണ്ടാം പകുതിയിൽ റിച്ചാർലിസണും ഇഞ്ചുറി ടൈമിൽ ഡെറേമി ഗ്രെയും നേടിയ ഗോളുകളിലൂടെയാണ് എവർട്ടൺ കീഴടക്കിയത്.

"ഇതു മാനസികാവസ്ഥയുടെ പ്രശ്‌നങ്ങളാണെന്ന് എനിക്കു തോന്നുന്നു. ഒരു ഗോളിന് മുന്നിൽ നിൽക്കുന്ന ഞങ്ങൾ ജയം കൈവിടുമോയെന്ന ഭയത്തിലേക്കു പോയിയെന്നതാണ് ഇന്നു ചെയ്‌ത തെറ്റ്. രണ്ടാമത്തെ ഗോൾ നേടുകയെന്നതായിരുന്നു ലക്‌ഷ്യം എങ്കിലും ഞങ്ങൾക്കത് മൈതാനത്ത് നടപ്പിലാക്കാൻ കഴിഞ്ഞില്ല."

"ഈ തോൽവി ഉൾക്കൊള്ളാൻ വളരെ പ്രയാസമാണ്. ഞങ്ങൾക്ക് വേണ്ടിയിരുന്ന നിലവാരത്തിലേക്കെത്താൻ ഇന്നു കഴിഞ്ഞില്ല. ചില നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനേക്കാൾ കൂടുതൽ ഞങ്ങൾ ചെയ്യണമായിരുന്നു, കുറച്ചുകൂടി മെച്ചപ്പെടണമായിരുന്നു." മത്സരത്തിനു ശേഷം സ്കൈ സ്പോർട്സിനോട് ഒഡേഗാർഡ് പറഞ്ഞു.

ആഴ്‌സണലിനു പന്തിന്മേലുള്ള അച്ചടക്കം ആദ്യ പകുതിയിൽ കുറവായിരുന്നു എന്നാണു മത്സരത്തെപ്പറ്റി പരിശീലകനായ അർടെട്ട പറഞ്ഞത്. രണ്ടാം പകുതിയിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരം കയ്യിലൊതുക്കേണ്ട സമയത്ത് അലംഭാവപൂർണമായി ഒരു ഗോൾ വഴങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സീസണിൽ വളരെ മോശം ഫോമിൽ കളിച്ച് തരം താഴ്ത്തൽ മേഖലയുടെ അടുത്തായിരുന്ന എവർട്ടൻ ആഴ്‌സണലിനെതിരായ വിജയത്തോടെ പന്ത്രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. അതേസമയം തോൽവിയോടെ ആഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും പിന്നിൽ ഏഴാം സ്ഥാനത്താണ്.

facebooktwitterreddit