ജെസ്സെ ലിംഗാര്‍ഡിനെ ലക്ഷ്യമിട്ട് നോട്ടിങ്ഹാം ഫോറസ്റ്റും രംഗത്ത്

വെസ്റ്റ് ഹാം ലക്ഷ്യം വെക്കുന്ന ഇംഗ്ലീഷ് താരം ജെസ്സെ ലിംഗാര്‍ഡിനായി നോട്ടിങ്ഹാം ഫോറസ്റ്റും രംഗത്തുള്ളതായി 90min മനസിലാക്കുന്നു. ജൂണ്‍ അവസാനത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസനിച്ചതിനാല്‍ ലിംഗാര്‍ഡ് ഇപ്പോള്‍ ഫ്രീ ഏജന്റാണ്.
23 വർഷങ്ങൾക്ക് ശേഷം പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് പുതിയ സീസണിലേക്കായി ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ലിംഗാര്‍ഡിനെ ലക്ഷ്യമിടുന്നത്.
നോട്ടിങ്ഹാം ഫോറസ്റ്റും ലിംഗാര്‍ഡിന്റെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇംഗ്ലീഷ് താരത്തിന് വേണ്ടി ഫോറസ്റ്റ് അവരുടെ ശമ്പളഘടനയില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നാണ് 90min മനസിലാക്കുന്നത്.
അതേ സമയം, വെസ്റ്റ് ഹാമും ലിഗാര്ഡിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2020-21 സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന് വെസ്റ്റ് ഹാമില്‍ ലോണടിസ്ഥാനത്തില്‍ കളിച്ച താരമാണ് ലിംഗാര്‍ഡ്. അന്ന് വെസ്റ്റ് ഹാമിന് വേണ്ടി മികച്ച പ്രകടനമായിരുന്നു ലിംഗാർഡ് പുറത്തെടുത്തിരുന്നത്.
വെസ്റ്റ് ഹാമിനും, നോട്ടിങ്ഹാം ഫോറസ്റ്റിനും പുറമെ പ്രീമിയര്‍ ലീഗ് ക്ലബായ എവര്ട്ടൺ, എം.എല്‍.എസിലെ ക്ലബുകള്‍, ഒരു സൗദി അറേബ്യന്‍ ക്ലബ് എന്നിവർക്കും ലിംഗാർഡിൽ താത്പര്യമുണ്ട്. എന്നാല്‍ ഇതുവരെയും ലിംഗാര്‍ഡ് തീരുമാനം വ്യക്തമാക്കിയിട്ടില്ല.