Football in Malayalam

ആഴ്‌സനൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിച്ചേക്കാനുള്ള സാധ്യതയുണ്ടെന്ന് ക്ലബിന്റെ ചീഫ് എക്‌സിക്യൂട്ടീവ്

Sreejith N
Premier League Grounds General Views 2020/21 Season
Premier League Grounds General Views 2020/21 Season / Chloe Knott - Danehouse/Getty Images
facebooktwitterreddit

സാമൂഹ്യമാധ്യമങ്ങൾ വഴി ഫുട്ബോൾ താരങ്ങളെ ലക്ഷ്യമിട്ടു വരുന്ന അധിക്ഷേപങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ആഴ്‌സണലിന്റെ ചീഫ് എക്‌സിക്യൂട്ടിവ് വിനയ് വെങ്കിടേഷം. നേരത്തെ ആഴ്‌സണൽ ഇതിഹാസതാരമായ തിയറി ഹെൻറി ഓൺലൈൻ വഴിയുള്ള വംശീയാധിക്ഷേപം നിർത്തലാക്കാനുള്ള നടപടികൾ കർശനമാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ആഴ്‌സണലും സമാനമായ കാര്യം പരിഗണിക്കുന്നത്.

ഫുട്ബോൾ താരങ്ങളിൽ പലർക്കുമെതിരെ വിവിധ തരത്തിലുള്ള അധിക്ഷേപങ്ങളും ഭീഷണിയുമാണ് സോഷ്യൽ മീഡിയ വഴി കഴിഞ്ഞ കുറച്ചു കാലമായി വന്നുകൊണ്ടിരിക്കുന്നത്. ചില താരങ്ങൾക്കു നേരെ വംശീയാധിക്ഷേപം നടക്കുമ്പോൾ ചില താരങ്ങൾക്ക് നേരെ അസഭ്യവും വധഭീഷണിയുമെല്ലാം ഓരോ സാഹചര്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇതിനെതിരെ സ്റ്റോപ്പ് ഓൺലൈൻ അഭ്യൂസ് എന്ന ഹാഷ്‌ടാഗ്‌ ക്യാമ്പയിൻ ആഴ്‌സണൽ ആരംഭിച്ചിരുന്നു.

"സോഷ്യൽ മീഡിയക്ക് ഒരു ഇരുണ്ട വശമുണ്ട്. ഞങ്ങൾക്കത് അംഗീകരിക്കാൻ കഴിയില്ല. അത് ശരിയാവാതെ കൂടുതൽ മോശമാകുന്നതായാണ് ഞങ്ങൾ കാണുന്നത്. അത്തരം കാര്യങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഒറ്റയടിക്ക് അത് പരിഹരിക്കണം എന്നല്ല ഞാൻ പറയുന്നത്," സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ വെങ്കിടേഷം പറഞ്ഞു.

ഇതുപോലെയുള്ള കാര്യങ്ങൾ പിന്നീട് സ്വാഭാവികമാകുമെന്ന ഭയമുണ്ടെന്നും സോഷ്യൽ മീഡിയയിൽ കറുത്ത വർഗ്ഗക്കാരായ കളിക്കാർക്കെതിരെ മോശം പെരുമാറ്റം തുടർച്ചയായി സംഭവിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു 2021 ആണെന്നും എല്ലാം ശരിയാക്കാനുള്ള ആഹ്വാനമായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യമെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും വെങ്കിടേഷം പറഞ്ഞു. നേരത്തെ ഹെൻറി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനൊപ്പം കോപ്പി റൈറ്റിന്റെ പരിധിയിൽ വരുന്ന പോസ്റ്റുകൾ കണ്ടെത്തുന്നതു പോലെ സോഷ്യൽ മീഡിയ വംശീയാധിക്ഷേപങ്ങളെയും കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ടത്.


facebooktwitterreddit