ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം കടുപ്പമേറിയതാകും; തുറന്ന് പറഞ്ഞ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ‌

Gokul Manthara
Nov 22, 2020, 11:26 AM GMT+5:30
Kerala Blasters
Kerala Blasters / Kerala Blasters Twitter
facebooktwitterreddit

ഏഴാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്നലെ കരുത്തരായ മുംബൈ സിറ്റി എഫ് സിയെ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു ഗോളിന് കീഴടക്കിയിരുന്നു. ഇത്തവണത്തെ ഏറ്റവും മികച്ച ടീമുകളൊന്നായി കരുതപ്പെടുന്ന മുംബൈയ്ക്കെതിരെ നേടിയ ഈ വിജയം ലീഗിന്റെ തുടക്കത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആത്മവിശ്വാസം വാനോളം ഉയർത്താൻ പോന്നതാണ്.

അതേ സമയം മുംബൈ സിറ്റിക്കെതിരെ വിജയം നേടാൻ കഴിഞ്ഞെങ്കിലും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ജെറാഡ് നസ് അതിൽ അത്ര ആവേശത്തിലല്ല. കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നടക്കാനിരിക്കുന്ന തങ്ങളുടെ അടുത്ത മത്സരത്തെക്കുറിച്ചുള്ള ചിന്തകളാണ് അദ്ദേഹത്തിന്റെ മനസിൽ ഇപ്പോൾ. കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം മുംബൈയ്ക്കെതിരായ മത്സരത്തേക്കാൾ കടുപ്പമേറിയതായിരിക്കുമെന്ന് അഭിപ്രായപ്പെട്ട നോർത്ത് ഈസ്റ്റ് പരിശീലകൻ, ആ മത്സരത്തിൽ നോർത്ത് ഈസ്റ്റ് ആയിരിക്കില്ല ഫേവറിറ്റുകളെന്നും ഇന്നലെ കളിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം താൻ കണ്ടിരുന്നുവെന്ന് നസ് പറയുന്നു. കളിയുടെ മികച്ച തത്വങ്ങൾ അവർക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ യുവ പരിശീലകൻ, അവർക്കെതിരായ മത്സരത്തിൽ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുമെന്നും, എന്നാൽ ഈ മത്സരത്തിൽ ഒരു തരത്തിലും തങ്ങൾ ഫേവറിറ്റുകളല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം കഠിനമായിരിക്കുമെന്ന് ബോധ്യമുള്ള നസ്, ഈ മത്സരത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ ആശങ്കയിലാണെന്നും മുംബൈയ്ക്കെതിരായ മത്സരശേഷം സംസാരിക്കവെ വ്യക്തമാക്കി.

അതേ സമയം 26-ം തീയതിയാണ് കേരളാ ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം നടക്കുന്നത്‌. ആദ്യ മത്സരത്തിൽ എടികെ മോഹൻബഗാനോട് ഒരു ഗോളിന് പരാജയപ്പെട്ടതിന് ശേഷമെത്തുന്ന ബ്ലാസ്റ്റേഴ്സ് ജയത്തിൽക്കുറഞ്ഞതൊന്നും ഈ മത്സരത്തിൽ ലക്ഷ്യം വെക്കുന്നില്ല. നോർത്ത് ഈസ്റ്റാകട്ടെ ആദ്യ മത്സരത്തിലെ വിജയം തുടരുക എന്ന ലക്ഷ്യത്തോടെയാകും മത്സരത്തിനിറങ്ങുക. എന്തായാലും ഇരു കൂട്ടരും തമ്മിലുള്ള പോരാട്ടം പൊടിപാറുമെന്നുറപ്പ്.

facebooktwitterreddit