Football in Malayalam

ലയണൽ മെസിക്ക് ഔദ്യോഗികമായി ഓഫർ നൽകാതെ ബാഴ്സലോണ; കരാർ കാര്യത്തിൽ ഇപ്പോളും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു

Gokul Manthara
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

അടുത്ത മാസം തങ്ങളുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക്, ബാഴ്സലോണ പുതിയ ഓഫർ വാഗ്ദാനം ചെയ്തുവെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബാഴ്സലോണ ഇതു വരെയും മെസിക്ക് ഔദ്യോഗിക ഓഫറുകളൊന്നും സമർപ്പിച്ചിട്ടില്ലെന്നും, കരാർ കാര്യത്തിൽ താരത്തിന്റെ പ്രതിനിധികളും, കറ്റാല‌ൻ ക്ലബ്ബും ചർച്ചകൾ തുടർന്ന് കൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്‌ ഗോൾ.

ക്ലബ്ബിന്റെ മുഖമായ മെസിയെ ഏത് വിധേനയും തങ്ങൾക്കൊപ്പം നിലനിർത്തുകയാണ്‌ ബാഴ്സയുടെ ലക്ഷ്യം. എന്നാൽ അദ്ദേഹത്തിന്‌ എത്ര‌ വലിയ ഓഫർ വാഗ്ദാനം ചെയ്യാനാകുമെന്ന് നിർണയിക്കുന്നതിന് ക്ലബ്ബിന്റെ ഫിനാൻസ് ഓഡിറ്റിംഗിനായി അവർക്ക് കാത്തിരിക്കേണ്ടി വരും.

ലാലീഗയും, ചാമ്പ്യൻസ് ലീഗുമില്ലാതെ 2020-21 സീസൺ അവസാനിപ്പിക്കേണ്ടി‌ വന്നെങ്കിലും അടുത്ത‌ സീസണിൽ‌ കിരീടങ്ങൾ നേടാനുള്ള കഴിവ് ബാഴ്സലോണക്കുണ്ടെന്ന ഉറപ്പ് ബോർഡിൽ നിന്ന് ലഭിക്കാൻ മെസി ആഗ്രഹിക്കുന്നു‌. ഒപ്പം പുതുതായി ടീമിലേക്കെത്തുന്ന‌ താരങ്ങൾ ആരൊക്കെയെന്നതും, പരിശീലകനായി ആരാകും ഉണ്ടാവുകയെന്നതും‌ പുതിയ കരാറിൽ ഒപ്പു വെക്കുന്നതിന് മുൻപ് മെസി ഉറ്റു നോക്കുന്ന‌ ഘടകങ്ങളായിരിക്കും.

മെസിയുടെ പിതാവും, അദ്ദേഹത്തിന്റെ ഏജന്റുമായ ജോർജ് മെസിയും, ബാഴ്സലോണ പ്രസിഡന്റ് ലപ്പോർട്ടയും തമ്മിൽ കരാർ കാര്യത്തിൽ നടത്തുന്ന ചർച്ചകൾ സൗഹാർദ്ദപരമായാണ് മുന്നോട്ടു പോകുന്നത്. ഇരു കൂട്ടരും ഒരു അന്തിമ തീരുമാനത്തിനായി കാത്തിരിക്കാൻ തയ്യാറുമാണ്. പക്ഷേ തങ്ങളുടെ സാമ്പത്തിക സ്ഥിതി വ്യക്തമാകുന്നത് വരെ മെസിക്കായി ഔദ്യോഗിക ഓഫറുകളൊന്നും നൽകാൻ ബാഴ്സലോണ തയ്യാറാകില്ലെന്നാണ്‌ കരുതപ്പെടുന്നത്.‌

facebooktwitterreddit