അത്‌ലറ്റിക്കോക്കെതിരേയുള്ള പ്രകടനം ആവര്‍ത്തിച്ചാല്‍ റയലിനെതിരേ ജയിക്കാന്‍ കഴിയില്ലെന്ന് പെപ് ഗ്വാര്‍ഡിയോള

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ നടത്തിയത് പോലുള്ള പ്രകടനമാണ് സെമി ഫൈനലില്‍ നടത്തുന്നതെങ്കില്‍ റയല്‍ മാഡ്രിഡിനെതിരേ ജയിക്കാന്‍ കഴിയില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേയുള്ള മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പെപ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഞാന്‍ അത്‌ലറ്റിക്കോയെ വിമര്‍ശിച്ചിട്ടില്ല, നന്നായി പ്രതിരോധിക്കുന്ന ടീമിനെതിരെ ആക്രമണം നടത്തുന്നത് എപ്പോഴും ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ പറഞ്ഞത്,” ഗ്വാര്‍ഡിയോള വ്യക്തമാക്കി. ”അത്‌ലറ്റിക്കോയില്‍ നിന്ന് മറ്റൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല, ഞാൻ അത് പ്രസ് കോൺഫറൻസിൽ പറഞ്ഞതാണ്. ഇത് തികച്ചും വ്യത്യസ്തമായ മത്സരമായിരുന്നു.”
അതേ സമയം, സെമി ഫൈനൽ എതിരാളികളായ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ എന്നാണ് ഗ്വാർഡിയോള വിശേഷിപ്പിച്ചത്. അത്ലറ്റിക്കോക്കെതിരെയുള്ള രണ്ടാം പാദത്തിന്റെ രണ്ടാം പകുതിയിൽ കളിച്ചത് പോലെ കളിച്ചാൽ തങ്ങൾക്ക് വിജയിക്കാനാവില്ലെന്നും ഗ്വാർഡിയോള അഭിപ്രായപ്പെട്ടു.
"ഇത് കോമ്പറ്റീൻഷനിലെ ഞങ്ങളുടെ മൂന്നാം സെമി ഫൈനലാണ്. രണ്ടാം പകുതിയിൽ കളിച്ചത് പോലെ കളിച്ചാല്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കില്ല. മാഞ്ചസ്റ്ററിലും, ഇവിടെ ആദ്യ പകുതിയുടെ ചില സമയങ്ങളിൽ കളിച്ചത് പോലെയും കളിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. മത്സരത്തിനായി തയ്യാറെടുക്കാന്‍ സമയമില്ലാതെയാണ് ഞങ്ങള്‍ ഇവിടെ വന്നത്. അവര്‍ വളരെ മികച്ചവരായിരുന്നു. മത്സരം വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങള്‍ പിടിച്ചുനിന്നു,” പെപ് വ്യക്തമാക്കിയതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.
അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേയുള്ള രണ്ടാം പാദ മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം സിറ്റിക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഗോള്‍ നേടിയില്ലെങ്കിലും ആദ്യ പാദത്തിലെ ഗോളിന്റെ കരുത്തിലായിരുന്നു സിറ്റി സെമി ഫൈനല്‍ ഉറപ്പിച്ചത്. ഏപ്രില്‍ 27നാണ് റയല്‍ മാഡ്രിഡിനെതിരേയുള്ള സിറ്റിയുടെ സെമി ഫൈനല്‍ പോരാട്ടം.