ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ധാരണയിലെത്തിയിട്ടില്ല, താരം കരാർ പുതുക്കുമെന്ന പ്രതീക്ഷയിൽ ബയേൺ മ്യൂണിക്ക്
By Sreejith N

ബയേൺ മ്യൂണിക്ക് താരമായ റോബർട്ട് ലെവൻഡോസ്‌കി അടുത്ത സീസണിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ധാരണയിൽ എത്തിയിട്ടില്ലെന്നും പോളിഷ് സ്‌ട്രൈക്കർ കരാർ പുതുക്കുമെന്ന ധാരണയിലാണ് ജർമൻ ക്ലബെന്നും പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം സ്‌പാനിഷ് മാധ്യമം സ്പോർട്ട് പുറത്തു വിട്ട വാർത്തകൾ നിരാകരിച്ച് ഗോൾ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുപ്പത്തിമൂന്നു വയസുള്ള റോബർട്ട് ലെവൻഡോസ്‌കിയെ അറുപതു മില്യൺ യൂറോ നൽകി ബാഴ്‌സലോണ നാലു വർഷത്തെ കരാറിൽ ടീമിലെത്തിക്കാൻ ധാരണയിൽ എത്തിയെന്നാണ് സ്പോർട്ട് റിപ്പോർട്ടു ചെയ്‌തത്. ഹാലൻഡിനു വേണ്ടിയുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് അടുത്ത സീസണു ശേഷം കരാർ അവസാനിക്കുന്ന ലെവൻഡോസ്‌കിയിൽ ബാഴ്‌സയുടെ ശ്രദ്ധ പതിഞ്ഞതെന്നും റിപ്പോർട്ടുകൾ പറയുന്നു.
Robert Lewandowski is still undecided on his future, despite reports he has agreed to join Barcelona ? pic.twitter.com/3HjLgBbMos
— GOAL (@goal) March 28, 2022
എന്നാൽ ലെവൻഡോസ്‌കിയുടെ ഭാവിയുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ലെന്ന് ഗോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരം കരാർ പുതുക്കുമെന്ന ധാരണയിലാണ് ഇപ്പോഴും ബവേറിയൻ ക്ലബുള്ളത്. എന്നാൽ ലെവൻഡോസ്‌കിയുടെ ഏജന്റായ പിനി സഹാവിയുമായി ഇതുവരെയും ബയേൺ മ്യൂണിക്ക് കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ല.
ലെവൻഡോസ്‌കി ഉൾപ്പെടെ ഏതാനും പ്രധാന താരങ്ങളുമായി ഭാവിയെ സംബന്ധിച്ച ചർച്ചകൾ നടത്തുമെന്ന് കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് സിഇഒ ഒലിവർ ഖാൻ പറഞ്ഞിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ ആവേശം എല്ലാവരും കാണിക്കുന്നത് എന്തു കൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും താരങ്ങളുടെ കരാർ പുതുക്കുന്നത് ബയേണിന്റെ പ്രധാന പരിഗണന തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ ലെവൻഡോസ്‌കിയെ സ്വന്തമാക്കുക ബാഴ്‌സലോണക്ക് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ട്രാൻസ്‌ഫർ ഫീസിനു പുറമെ ബോണസ് അടക്കം പ്രതിവർഷം ഇരുപത്തിയഞ്ചു മില്യൺ യൂറോ വരുന്ന താരത്തിന്റെ നിലവിലെ പ്രതിഫലവും ബാഴ്‌സലോണ നൽകേണ്ടി വരും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.