Football in Malayalam

ഈ സീസണു ശേഷം ഒൻപതു താരങ്ങൾ റയൽ മാഡ്രിഡ് വിടും

Sreejith N
Nine Players Could Leave Real Madrid In Summer
Nine Players Could Leave Real Madrid In Summer / Soccrates Images/GettyImages
facebooktwitterreddit

സീസൺ അവസാനിക്കാൻ രണ്ടു മാസവും ഏതാനും ദിവസങ്ങളും മാത്രം ബാക്കി നിൽക്കെ കരാർ അവസാനിക്കുന്ന മൂന്നു റയൽ മാഡ്രിഡ് താരങ്ങളാണ് ക്ലബ് വിടാൻ വേണ്ടി തയ്യാറെടുക്കുന്നത്. ക്ലബിന്റെ ഐതിഹാസിക നേട്ടങ്ങളിലെല്ലാം പങ്കാളികളായ മുന്നേറ്റനിര താരം ഗാരെത് ബേൽ, മധ്യനിര താരം ഇസ്‌കോ, ലെഫ്റ്റ് ബാക്കായ മാഴ്‌സലോ എന്നിവരാണ് കരാർ പൂർത്തിയാക്കി ക്ലബ് വിടാനൊരുങ്ങുന്നത്.

ഫ്രീ ഏജന്റായാണ് ഈ താരങ്ങൾ റയൽ മാഡ്രിഡ് വിടുന്നത് എന്നതിനാൽ ട്രാൻസ്‌ഫർ ഫീസിനത്തിൽ കിട്ടേണ്ട തുക ലോസ് ബ്ലാങ്കോസിനു ലഭിക്കുകയില്ല. എന്നാലും ഈ മൂന്നു താരങ്ങൾ മാത്രം പോകുന്നതോടെ പ്രതിവർഷം അറുപതു മില്യൺ യൂറോയാണ് ക്ലബിന്റെ വേതനബില്ലിൽ നിന്നും കുറയുക. അതിനാൽ തന്നെ എംബാപ്പയുടെ വേതനം നിഷ്പ്രയാസം റയലിന് നൽകാൻ കഴിയും.

സ്‌പാനിഷ്‌ മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ മൂന്നു താരങ്ങൾക്കു പുറമെ ആറു കളിക്കാർ കൂടി അടുത്ത സമ്മറിൽ റയൽ മാഡ്രിഡിൽ നിന്നും പുറത്തു പോകാനുള്ള സാധ്യതയുണ്ട്. ഈഡൻ ഹസാർഡ്, ലൂക്ക ജോവിച്ച്, ജീസസ് വല്ലേഹോ, ഡാനി സെബയോസ്, മരിയാനോ, ലുനിൻ എന്നിവരാണ് അടുത്ത സീസണു മുന്നോടിയായി ക്ലബ് വിടാൻ സാധ്യതയുള്ള താരങ്ങൾ.

ചെൽസിയിൽ നിന്നും വളരെ പ്രതീക്ഷയോടെ റയൽ മാഡ്രിഡിൽ എത്തിയ ഈഡൻ ഹസാർഡ് ക്ലബ് വിടാനുള്ള സാധ്യതയാണ് ഏവരും ഉറ്റുനോക്കുന്നത്. റയൽ മാഡ്രിഡിലെത്തി മൂന്നാമത്തെ സീസണിലും ടീമിനായി ഒന്നും നൽകാൻ കഴിയാതിരുന്ന ബെൽജിയൻ താരത്തിന്റെ ട്രാൻസ്‌ഫർ റയൽ മാഡ്രിഡിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ഹസാർഡിനെ സമ്മറിൽ ഒഴിവാക്കിയാൽ നാൽപതു മില്യൺ യൂറോയോളം റയൽ മാഡ്രിഡിന്റെ വേതനബില്ലിൽ നിന്നും കുറയും.

ഇരുപത്തിയഞ്ചംഗ സ്‌ക്വാഡിൽ നിന്നും ഒമ്പതോളം താരങ്ങൾ പുറത്തു പോയാൽ സ്‌ക്വാഡ് വളരെ ചുരുങ്ങും എന്നതിനാൽ തന്നെ അതിനു പകരക്കാരെ കണ്ടെത്തേണ്ട ആവശ്യവും റയൽ മാഡ്രിഡിനുണ്ട്. എൽ ക്ലാസിക്കോയിൽ വമ്പൻ വിജയത്തോടെ അടുത്ത സീസണെക്കുറിച്ച് ബാഴ്‌സലോണ മുന്നറിയിപ്പു നൽകിയതിനാൽ സമ്മറിൽ ടീമിനെ ഏറ്റവും കരുത്തുറ്റതാക്കി മാറ്റാനാവും റയലിന്റെ ശ്രമം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit