ബയേൺ മ്യൂണിക്ക് താരത്തിന്റെ ട്രാൻസ്ഫറിൽ അപ്രതീക്ഷിത ട്വിസ്റ്റ്, ചേക്കേറുക എതിരാളികളുടെ തട്ടകത്തിലേക്ക്


ബയേൺ മ്യൂണിക്ക് പ്രതിരോധതാരമായ നിക്ളാസ് സുളെ ഈ സീസൺ അവസാനിച്ചതിനു ശേഷം ഫ്രീ ഏജന്റായി ചേക്കേറുക ജർമനിയിൽ ബയേണിന്റെ പ്രധാന എതിരാളികളായ ബൊറൂസിയ ഡോർട്മുണ്ടിലേക്ക്. നിക്ളാസ് സുളെയെ അടുത്ത സീസണിലേക്കു സ്വന്തമാക്കിയ വിവരം ബൊറൂസിയ ഡോർട്മുണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് ജർമൻ താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് അവസാനമായത്.
ഇരുപത്തിയാറു വയസുള്ള താരത്തെ ട്രാൻസ്ഫർ പുതുക്കാനുള്ള ചർച്ചകൾക്കു വേണ്ടി ബയേൺ മ്യൂണിക്ക് ക്ഷണിച്ചെങ്കിലും ക്ലബിനൊപ്പം തുടരാൻ താരത്തിന് താൽപര്യമില്ലായിരുന്നു. ബയേണിൽ താൻ വിലമതിക്കപ്പെടുന്നില്ലെന്ന ധാരണയാണ് താരം അവിടം വിടാനുള്ള പ്രധാന കാരണമായതെന്ന് കഴിഞ്ഞ ദിവസം സുളെയുടെ ഏജന്റും വ്യക്തമാക്കിയിരുന്നു.
Niklas Sule will join Dortmund when his Bayern Munich contract expires this summer, according to multiple reports.
— GOAL News (@GoalNews) February 7, 2022
Dortmund reversing the trend ? pic.twitter.com/93IMH3uWvT
അതേസമയം ഡോർട്മുണ്ട് തന്നിൽ കാണിച്ച താൽപര്യവും ക്ലബിന്റെ പദ്ധതികളിൽ തനിക്കുള്ള പ്രാധാന്യവുമാണ് അവരെ തിരഞ്ഞെടുക്കാൻ കാരണമായതെന്ന് ജർമൻ മാധ്യമമായ ബിൽഡിനോട് സംസാരിക്കുമ്പോൾ സുളെ പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും ഫുട്ബോളർ എന്ന നിലയിലും അവർക്കു തന്നെ ആവശ്യമുണ്ടെന്നു തോന്നിയെന്നും താരം വ്യക്തമാക്കി.
അതേസമയം താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ഡോർട്മുണ്ട് സിഇഒ മൈക്കൽ സോർക്ക് വ്യക്തമാക്കി. ബൊറൂസിയ ഡോർട്മുൻഡുമായുള്ള ചർച്ചകളിൽ താരം ക്ലബിലെത്താൻ വളരെ താൽപര്യം കാണിച്ചുവെന്നും പരിചയസമ്പത്തും കായികക്ഷമതയുമുള്ള താരം ക്ലബിനൊരു മുതൽക്കൂട്ടാകുമെന്നും സോർക്ക് വ്യക്തമാക്കി.
അതേസമയം സുളെ ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറിയത് താരത്തെ ലക്ഷ്യമിട്ടു നിന്നിരുന്ന യൂറോപ്പിലെ മറ്റു ക്ലബുകൾക്ക് വലിയ നിരാശയാണു സമ്മാനിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ചെൽസി, ന്യൂകാസിൽ യുണൈറ്റഡ്, ബാഴ്സലോണ എന്നീ ക്ലബുകൾക്കെല്ലാം ജർമൻ താരത്തിൽ താല്പര്യമുണ്ടായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.