'നീ മെസിയാണോ?' - ബാഴ്സലോണയുടെ പത്താം നമ്പർ താരം അൻസു ഫാറ്റിയെ കളിയാക്കി ഒട്ടമെൻഡി


ബാഴ്സലോണയും ബെൻഫിക്കയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ കാറ്റലൻ ക്ലബിന്റെ യുവതാരം അൻസു ഫാറ്റിയെ കളിയാക്കി പോർച്ചുഗീസ് ക്ലബ്ബിന്റെയും അർജന്റീന ദേശീയ ടീമിന്റെയും പ്രതിരോധതാരമായ നിക്കോളാസ് ഒട്ടമെൻഡി. ബെൻഫിക്കയുടെ മൈതാനത്തു വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സലോണ തോൽവി വഴങ്ങിയിരുന്നു.
ലയണൽ മെസി അപ്രതീക്ഷിതമായി ബാഴ്സലോണ വിട്ടതിനു ശേഷം താരത്തിന്റെ പത്താം നമ്പർ ജേഴ്സി ലഭിച്ചത് പതിനെട്ടു വയസു മാത്രം പ്രായമുള്ള ഫാറ്റിക്കാണ്. പത്തു മാസത്തോളം പരിക്കേറ്റു പുറത്തിരുന്നതിനു ശേഷം തന്റെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന സ്പാനിഷ് താരം ബെൻഫിക്കക്കെതിരെ അറുപത്തിയെട്ടാം മിനുട്ടിലാണ് കളത്തിലിറങ്ങിയത്.
Nicolas Otamendi really taunted Ansu Fati by shouting 'Are you Leo?' at him after the youngster fouled him ? pic.twitter.com/qmyKdRGhB7
— International Champions Cup (@IntChampionsCup) September 30, 2021
മത്സരം അവസാന മിനിറ്റുകളിൽ എത്തിയ സമയത്തായിരുന്നു ഫാറ്റിയെ ഒട്ടമെൻഡി കളിയാക്കിയത്. ഫാറ്റിയുടെ ഫൗളിന് ഇരയായതിനു ശേഷം താരത്തിനെതിരെ തിരിഞ്ഞ ഒട്ടമെൻഡി 'നീ ലിയോയാണോ' എന്നു ചോദിച്ചുവെന്നാണ് വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. അതിനു ഫാറ്റി എന്തെങ്കിലും മറുപടി നൽകിയോ എന്നതു വ്യക്തമല്ല.
അതേസമയം ഒട്ടമെൻഡിയുടെ കളിയാക്കൽ അനുചിതമായ കാര്യമാണെന്നാണ് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്. വളരെയധികം സീനിയർ താരമായ ഒട്ടമെൻഡി പതിനെട്ടു വയസു മാത്രമുള്ള, അതും ദീർഘകാലത്തെ പരിക്കിൽ നിന്നും അടുത്ത കാലത്തു മാത്രം മുക്തമായ ഒരു കളിക്കാരനെതിരെ യാതൊരു പ്രകോപനവുമില്ലാതെ ഇങ്ങിനെ പ്രതികരിച്ചത് മോശമായെന്ന് ആരാധകരിൽ പലരും വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നു.
അതേസമയം ബാഴ്സലോണയുടെ മൈതാനത്തു വെച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരം കൂടി നടക്കാനിരിക്കെ ഫാറ്റി ഈ കളിയാക്കലിനു മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ ആരാധകർ.