എംബാപ്പയാണു പിഎസ്ജിയിലെ ഒന്നാം നമ്പർ, മെസി താരത്തെ ബഹുമാനിച്ച് അവസരങ്ങൾ ഒരുക്കി നൽകണമെന്ന് അനെൽക്ക


കെയ്ലിൻ എംബാപ്പക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി നൽകാൻ മെസിയെ പിഎസ്ജി ഉപയോഗപ്പെടുത്തണമെന്നും, നേരെ തിരിച്ചല്ല ചെയ്യേണ്ടതെന്നും മുൻ ഫ്രഞ്ച് താരമായ നികോളാസ് അനെൽക്ക. ഗോളുകൾ നേടാനുള്ള എംബാപ്പയുടെ കഴിവിൽ വളരെയധികം താൽപര്യമുള്ള അനെൽക്ക ഫ്രഞ്ച് താരത്തിന്റെ കഴിവുകളെ മനസിലാക്കി മെസി തന്റെ ശൈലിയിൽ മാറ്റം വരുത്തണമെന്നും അഭിപ്രായപ്പെട്ടു.
"എംബാപ്പയാണ് ആക്രമണനിരയെ നയിക്കേണ്ടത്, കാരണം താരമാണ് നമ്പർ വൺ. മെസി ബാഴ്സയിൽ ഒന്നാം നമ്പറായിരുന്നു, എന്നാലിപ്പോൾ താരം എംബാപ്പയെ സേവിക്കേണ്ടതുണ്ട്. ക്ലബിനൊപ്പം അഞ്ചു വർഷത്തോളമായി തുടരുന്നതു കൊണ്ടു തന്നെ മെസി താരത്തെ ബഹുമാനിക്കുകയും വേണം." ലെ പാരീസിയനോട് സംസാരിക്കുമ്പോൾ അനെൽക്ക പറഞ്ഞു.
Messi as a second fiddle to Mbappe? ?
— Goal India (@Goal_India) September 28, 2021
Nicolas Anelka things so ?#PSG #Messi #Mbappe pic.twitter.com/ONZGeo8VG6
"വേഗത പരിഗണിക്കുമ്പോൾ ഒരു പ്രതിഭാസമായ കളിക്കാരനാണ് എംബാപ്പെ. ഈ പ്രപഞ്ചത്തിൽ തന്നെ അതിനേക്കാൾ മികച്ച മറ്റൊരു താരമില്ല. പാരീസിന് മികച്ചൊരു ടീമായി തുടരണമെങ്കിൽ താരത്തെ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്,"
"എന്നാൽ എംബാപ്പക്ക് എന്തു വേണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട് എന്നു ഞാൻ കരുതുന്നു. താരത്തിന് മറ്റെന്തോ ആണു വേണ്ടത്, അത് ബുദ്ധിപരവുമാണ്. ബാലൺ ഡി ഓറാണ് താരത്തിന്റെ ലക്ഷ്യം. യുവേഫ കോഎഫിഷ്യന്റിൽ ആറാം സ്ഥാനത്തു നിൽക്കുന്ന ഒരു ലീഗിൽ കളിച്ചാൽ അതെങ്ങനെയാണ് താരം നേടുക. കഴിഞ്ഞ മൂന്നു വർഷം കെയ്ലിയൻ ഇംഗ്ലണ്ടിലോ സ്പെയിനിലോ ആണു കളിച്ചിരുന്നതെങ്കിൽ താരം ഇപ്പോൾ തന്നെ ബാലൺ ഡി ഓർ നേടിയേനെ." അനെൽക്ക വ്യക്തമാക്കി.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നു രാത്രി മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ പിഎസ്ജി ഒരുങ്ങുമ്പോൾ മുന്നേറ്റനിരയിലെ മൂന്നു പ്രധാന താരങ്ങളും ടീമിലുണ്ടാകും എന്നാണു പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞ മത്സരത്തിൽ താരതമ്യേനെ ദുർബലരായ ബ്രൂഗേയോട് സമനിലയിൽ കുരുങ്ങേണ്ടി വന്ന പിഎസ്ജിക്ക് കരുത്തരായ സിറ്റിക്കെതിരെ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ അത് കൂടുതൽ വിമർശനങ്ങൾക്ക് വഴി തെളിക്കാൻ സാധ്യതയുണ്ട്.