മാഞ്ചസ്റ്റർ യുണൈറ്റഡ് പോഗ്ബക്കു ചേരുന്ന ക്ലബല്ല, താരം പിഎസ്ജിയിൽ എത്തിയേക്കുമെന്ന് നിക്കോളാസ് അനൽക്ക


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരതാരമായ പോൾ പോഗ്ബ പിഎസ്ജിയിലേക്ക് ചേക്കേറുന്നതിന് എതിരല്ലെന്ന് ഫ്രാൻസിന്റെ മുൻ താരമായ നിക്കോളാസ് അനൽക്ക. മാഞ്ചസ്റ്റർ യുണൈറ്റഡ് പോഗ്ബക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്ന ക്ലബല്ലെന്നും താരം അവിടെ മാനസികമായി തൃപ്തനല്ലെന്നും പറഞ്ഞ അനൽക്ക പിഎസ്ജി ഫ്രഞ്ച് താരത്തിന് അനുയോജ്യമായ ഇടമാണെന്നും കൂട്ടിച്ചേർത്തു.
"പാരീസിലേക്ക് പോഗ്ബക്ക് വരാൻ താൽപര്യമുണ്ടോയെന്നോ? ഞാൻ ആറു മാസങ്ങൾക്കു മുൻപ് ഇക്കാര്യം സംസാരിച്ച സമയത്ത് താരം പിഎസ്ജിയിലേക്ക് വരുന്നതിന് എതിരല്ലായിരുന്നു. പോഗ്ബ ഇവിടെയെത്തിയാൽ പരിക്കുകളെ മറക്കുകയും താരം ഒരു ഉയർന്ന നിലവാരമുള്ള കളിക്കാരനാണെന്ന് നമുക്ക് മനസിലാക്കാനും കഴിയും." അനൽക്ക ആർഎംസി സ്പോർട്ടിനോട് സംസാരിക്കെ പറഞ്ഞു.
EPL: Anelka reveals club Pogba will join when he leaves Man Utd this summer https://t.co/fW0h8STmFZ
— Daily Post Nigeria (@DailyPostNGR) February 25, 2022
ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരമെന്ന ഖ്യാതിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ പോഗ്ബ ക്ലബിൽ പതറുന്നതിനെ കുറിച്ചും അനൽക്ക പറഞ്ഞു. "താരത്തിന് സന്തോഷത്തോടെ കളിക്കാനും തന്റെ പ്രതിഭ കാണിക്കാനും കഴിയുന്ന ക്ലബല്ല അത്. പിഎസ്ജിയാണ് പോഗ്ബക്ക് ചേരുക."
"ചിലയാളുകൾ പറയും താരം പാരീസിലേക്ക് പോകരുത്, പോയാൽ അടിക്കടി പരിക്കു പറ്റുമെന്ന്. എന്നാൽ താരത്തിന്റെ പരിക്കുകൾ മാഞ്ചസ്റ്ററിലെ ജീവിതം കൊണ്ടാണെന്നാണ് എനിക്കു തോന്നുന്നത്. അവിടെ താരം മാനസികമായി തൃപ്തനല്ല." അനൽക്ക പറഞ്ഞു.
ഈ സീസണോടെ കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന താരങ്ങളിൽ പ്രധാനിയാണ് പോൾ പോഗ്ബ. താരവുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമായി നടത്തുന്നുണ്ടെങ്കിലും അതിനോട് പ്രതികരിക്കാത്ത ഫ്രഞ്ച് താരം പിഎസ്ജിയിലേക്കോ യുവന്റസിലേക്കോ ചേക്കേറുമെന്ന റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.