Football in Malayalam

ബ്രസീലിയൻ താരങ്ങൾ ഇപ്പോഴും കരയുന്നു, അവരെ വെറുതെ വിടണമെന്ന് നിക്കോ ഗോൺസാലസ്

Sreejith N
Gustavo Pagano/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക അർജന്റീന ഉയർത്തിയതിനു ശേഷം ബ്രസീലിയൻ താരങ്ങളും അർജന്റീന താരങ്ങളും തമ്മിൽ സോഷ്യൽ മീഡിയയിൽ നടന്ന കളിയാക്കലുകൾ ഏറെ വാർത്താ പ്രാധാന്യം നേടിയതാണ്. കോപ്പ അമേരിക്കക്കു ശേഷം നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത റിച്ചാർലിസൺ ഹാട്രിക്ക് നേടിയതിന്റെ വാർത്തയിൽ ഇതൊന്നും ഫൈനലിൽ കണ്ടില്ലല്ലോ എന്നു പറഞ്ഞ് കമന്റിട്ട് ഏഞ്ചൽ ഡി മരിയയും പരഡെസുമാണ് ഇതിനു തുടക്കമിട്ടത്.

എന്നാൽ അർജന്റീന ഒളിമ്പിക്‌സിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതോടെ ബ്രസീലിയൻ താരങ്ങൾ തിരിച്ചടിച്ചു. ഡഗ്ലസ് കോസ്റ്റയും റിച്ചാർലിസണും അടങ്ങുന്ന താരങ്ങൾ അർജന്റീനയോട് ബൈ പറയുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തപ്പോൾ അതിനു റോഡ്രിഗോ ഡി പോളും എമിലിയാനോ മാർട്ടിനസും പ്രതികരിച്ചത് കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്ന ചിത്രവുമായായിരുന്നു.

ഇപ്പോൾ ബ്രസീലിന്റെ മുറിവിൽ വീണ്ടും ഉപ്പു തേക്കുകയാണ് കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനക്കു വേണ്ടി നിരവധി മത്സരങ്ങളിൽ ആദ്യ ഇലവനിലിറങ്ങിയ നിക്കോ ഗോൺസാലസ്. കോപ്പ അമേരിക്ക കിരീടധാരണത്തെക്കുറിച്ചും അർജന്റീന ബ്രസീൽ താരങ്ങൾ തമ്മിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പോരിനെക്കുറിച്ചും താരത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു.

"ബ്രസീലിയൻ താരങ്ങളെ വെറുതെ വിടൂ, അവരിപ്പോഴും കരഞ്ഞു കൊണ്ടിരിക്കയാണ്. എമിലിയാനോയുടെയും ഡി പോളിന്റെയും ചിത്രങ്ങൾ വളരെ നല്ലതായിരുന്നു. അതു കണ്ടതിനു ശേഷം ഞാൻ ഒരുപാട് ചിരിച്ചു. അവിശ്വസനീയമായിരുന്നു അതെല്ലാം. അവർ സംസാരിച്ചോട്ടെ, ഞങ്ങളിവിടെ കോപ്പ അമേരിക്ക നേടിയതിൽ സന്തോഷത്തിലാണ്." ഗോൺസാലസ് പറഞ്ഞത് ഒലെ സ്‌പോർട് വെളിപ്പെടുത്തി.

കഴിഞ്ഞ സീസണിൽ ജർമൻ ക്ലബായ വിഎഫ്‌സി സ്റ്റുട്ട്ഗാർട്ടിന്റെ താരമായിരുന്ന നിക്കോളാസ് ഗോൺസാലസ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇരുപതു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ഫിയോറെന്റീനയിലേക്ക് ചേക്കേറിയിരുന്നു. ലൗടാരോ മാർട്ടിനസ്, ഡി പോൾ എന്നിവർ തിളങ്ങിയ സീരി എയിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.


facebooktwitterreddit