Football in Malayalam

"ഞാൻ പുണർന്നത് ഏറ്റവും മികച്ച താരത്തെയാണ്, കിരീടനേട്ടം ആസ്വദിക്കുക"- മെസിക്ക് വൈകാരിക സന്ദേശവുമായി നെയ്‌മർ

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Gustavo Pagano/Getty Images
facebooktwitterreddit

ഇരുപത്തിയെട്ടു വർഷത്തെ കിരീടവരൾച്ചക്ക് അവസാനം കുറിച്ച് കോപ്പ അമേരിക്ക ട്രോഫി അർജന്റീന ഉയർത്തിയത് ബ്രസീലിന്റെ മണ്ണിൽ വെച്ചാണെന്നത് കൂടുതൽ മധുരതരമായിരുന്നു. ചരിത്രത്തിലാദ്യമായാണ് ബ്രസീൽ സ്വന്തം മൈതാനത്തു വെച്ചു നടന്ന ഒരു കോപ്പ അമേരിക്ക ഫൈനലിൽ കീഴടങ്ങുന്നത്. കരിയറിൽ ഒരു ദേശീയ കിരീടം പോലുമില്ലെന്ന കളങ്കം തിരുത്തിക്കുറിക്കാൻ ഇതുവഴി മെസിക്കും കഴിഞ്ഞു.

മത്സരവിജയത്തിന്റെ ആഹ്ലാദാരവങ്ങൾക്കൊപ്പം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് മെസിയും നെയ്‌മറും ഒരുമിച്ചുള്ള നിമിഷങ്ങളായിരുന്നു. മത്സരത്തിനു ശേഷം ഇരുവരും വളരെ നേരം കെട്ടിപ്പുണർന്നു നിൽക്കുകയും പരസ്‌പരം വാക്കുകൾ കൈമാറുകയും മെസി നെയ്മറെ ആശ്വസിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനു ശേഷം ഇരുതാരങ്ങളും ഡ്രസിങ് റൂമിൽ വെച്ച് തമാശകൾ പറഞ്ഞും കുറച്ചു നേരം ചിലവഴിക്കുകയുണ്ടായി.

ഇതിനെല്ലാം പുറമെ നെയ്‌മർ സാമൂഹ്യമാധ്യമങ്ങളിലൂടെയും മെസിയുടെ കിരീടവിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വളരെ വൈകാരികമായൊരു കുറിപ്പാണ് ബ്രസീലിയൻ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്‌തത്‌.

"തോൽവിയെന്നെ വേദനിപ്പിക്കുന്നതാണ്. അതിനെ മറികടന്നു ജീവിക്കാൻ ഞാനിപ്പോഴും പഠിച്ചിട്ടില്ല. ഇന്നലെ ഞങ്ങൾ തോറ്റതിനു ശേഷം ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച താരത്തെ പുണരാനാണ് പോയത്. ഞാൻ സങ്കടത്തിലായതു കൊണ്ടു തന്നെ 'എന്നെ തോൽപ്പിച്ചുവല്ലേയെന്നു' ചോദിച്ച് മെസിയെ തമാശ രൂപത്തിൽ ചീത്ത വിളിക്കുകയുണ്ടായി."

"തോൽവിയേറ്റു വാങ്ങിയതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ ഇയാൾ അതിഗംഭീരനായ ഒരു താരമാണ്. ഫുട്ബോളിനും എനിക്കു വേണ്ടി പ്രത്യേകമായും അദ്ദേഹം ചെയ്‌ത കാര്യങ്ങളെ ഞാൻ ബഹുമാനിക്കുന്നു. തോൽക്കുന്നതിനെ ഞാൻ വെറുക്കുന്നു. എന്നാൽ നിങ്ങൾ കിരീടനേട്ടം ആസ്വദിക്കൂ. ഫുട്ബോൾ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അഭിനന്ദനങ്ങൾ സഹോദരാ." നെയ്‌മർ മെസിയെ ആലിംഗനം ചെയ്യുന്ന വീഡിയോക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

facebooktwitterreddit