വിരമിക്കുന്നതിന് മുൻപ് ഒരു സീസണെങ്കിലും യുഎസിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് നെയ്‌മർ

വിരമിക്കുന്നതിന് മുൻപ് ഒരു സീസണെങ്കിലും യുഎസിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ജൂനിയർ. ഫെനോമെനോസ് പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് നെയ്‌മർ ഇക്കാര്യം പറഞ്ഞത്.
"എനിക്കറിയില്ല. അതിൽ എനിക്ക് ചില സംശയങ്ങളുണ്ട്. ഇനി ബ്രസീലിൽ കളിക്കുമോ എന്നറിയില്ല," ബ്രസീലിൽ വിരമിക്കാൻ ആഗ്രഹിക്കുന്നോ എന്ന് ചോദിച്ചപ്പോൾ നെയ്‌മർ പറഞ്ഞു. തുടർന്നായിരുന്നു എംഎൽഎസിൽ കളിക്കാനുള്ള ആഗ്രഹം നെയ്‌മർ വെളിപ്പെടുത്തിയത്. "യുഎസിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സീസണെങ്കിലും അവിടെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," താരം വ്യക്തമാക്കി.
Neymar wants to play at least one season in MLS before retiring ??? pic.twitter.com/Z1Y5TrT194
— ESPN FC (@ESPNFC) February 21, 2022
എന്ത് കൊണ്ടാണ് യുഎസിൽ കളിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അവിടെ സീസണിന്റെ ദൈർഘ്യം കുറവാണെന്നും അതിനാൽ തനിക്ക് മൂന്ന് മാസം വെക്കേഷൻ ലഭിക്കുമെന്നും താരം തമാശരൂപേണ പറഞ്ഞു.
താൻ മാനസികമായി തളരുന്നത് വരെ കളിക്കുന്നത് തുടരുമെന്നും നെയ്‌മർ വ്യക്തമാക്കി. "എനിക്ക് 32 വയസ്സാകുമ്പോൾ വിരമിക്കുമെന്ന് ഞാൻ സുഹൃത്തുക്കളോട് തമാശ പറയാറുണ്ട്. പക്ഷേ അതൊരു തമാശയാണ്. എനിക്കറിയില്ല, സത്യം പറഞ്ഞാൽ, മാനസികമായി തളരുന്നത് വരെ ഞാൻ കളിക്കും," നെയ്‌മർ പറഞ്ഞു.
"എന്റെ മാനസികാരോഗ്യവും, അത് പോലെ എന്റെ ശരീരവും ഓക്കേ ആണെങ്കിൽ.. ശാരീരികമായി, ഞാൻ ഇനിയും കുറച്ച് വർഷങ്ങൾ കൂടി നിലനിൽക്കുമെന്ന് കരുതുന്നു. എന്നാൽ എന്റെ മാനസികാരോഗ്യമാണ് ഏറ്റവും പ്രധാനം. പാരീസുമായുള്ള എന്റെ കരാർ എനിക്ക് 34 വയസാകുന്നത് വരെ നീണ്ടുനിൽക്കും. അതിനാൽ [കുറഞ്ഞത്] അത് വരെയെങ്കിലും ഞാൻ കളിക്കും," താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.