Football in Malayalam

മെസി ക്ലബ് വിടില്ല, താരത്തെയും നെയ്മറെയും ലപോർട്ട ബാഴ്‌സയിൽ ഒരുമിപ്പിക്കുമെന്ന് ബ്രസീലിയൻ താരത്തിന്റെ മുൻ ഏജന്റ്

Sreejith N
FC Barcelona v Villarreal CF - La Liga
FC Barcelona v Villarreal CF - La Liga / Denis Doyle/Getty Images
facebooktwitterreddit

സൂപ്പർതാരമായ ലയണൽ മെസി ഈ സീസണ് ശേഷം ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചു കൊണ്ടിരിക്കെ ആശ്വാസ വാർത്തയുമായി ബ്രസീലിയൻ താരത്തിന്റെ മുൻ ഏജന്റും ബ്രസീലിയാൻ ഫുട്ബോളിലെ പ്രധാന ബിസിനസ്മാനും ബാഴ്‌സലോണയുടെ മുൻ സ്‌കൗട്ടുമായ ആന്ദ്രേ ക്യൂറി. മെസി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ലപോർട്ടക്ക് നെയ്‌മറെയും മെസിയെയും ബാഴ്‌സലോണയിൽ ഒരുമിപ്പിക്കാൻ കഴിയുമെന്നും പറഞ്ഞു.

"പത്ത് വർഷത്തോളം ഞാൻ ബാഴ്‌സലോണയിൽ ഉണ്ടായിരുന്നു. ആ നഗരത്തിന്റെ മുക്കും മൂലയും എനിക്കറിയാം. നെയ്‌മർ ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചെത്തിയാൽ ഞാനതിൽ വളരെ സന്തോഷവാനായിരിക്കും. നെയ്മർക്ക് മുന്നിൽ ബാഴ്‌സലോണയുടെ വാതിലുകൾ തുറന്നു കിടക്കും. ബാഴ്‌സ ആരാധകർക്കറിയാം താരത്തിനൊരു തെറ്റ് പറ്റിയതാണെന്ന്. നെയ്‌മർ പിന്നീടാണത് മനസിലാക്കിയത് എങ്കിലും," എൽ ലിറ്ററലിനോട് ക്യൂറി പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.

"രണ്ടു വർഷങ്ങൾക്കു മുൻപ് നെയ്‌മർ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നതിനായി ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ താരത്തെ തിരിച്ചെത്തിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പല കാരണങ്ങൾ കൊണ്ട് അതു നടന്നില്ല.

"മെസിയെയും നെയ്‌മറെയെയും വീണ്ടുമൊരുമിപ്പിക്കാൻ കഴിയുന്ന ഒരേയൊരാൾ ലപോർട്ടയാണ്. മെസി ഒരിക്കലും ബാഴ്‌സലോണ വിടില്ല. തന്റെ ചരിത്രം ബാഴ്‌സലോണക്കൊപ്പം ആണുള്ളതെന്ന് താരം നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്, അതെനിക്ക് വ്യക്തമായി അറിയാം. നെയ്മർ മെസിക്കൊപ്പം വീണ്ടും കളിക്കും, അത് ബാഴ്‌സയിലായിരിക്കും."

അടുത്ത സീസണിൽ ബാഴ്‌സലോണ നായകനെ പിഎസ്‌ജി റാഞ്ചുമെന്ന ഭീതിയിൽ നിൽക്കുന്ന ആരാധകർക്ക് ആശ്വാസമാണ് ക്യൂറിയുടെ വെളിപ്പെടുത്തൽ. നിലവിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണ ഏതാനും പൊസിഷനിലേക്ക് കൂടി മികച്ച താരങ്ങളെയെത്തിച്ചാൽ ടീം കൂടുതൽ മെച്ചപ്പെടുമെന്നിരിക്കെ ബാഴ്‌സ വിടുന്നത് മെസിക്കും ഗുണകരമായിരിക്കില്ല.

facebooktwitterreddit