നന്നായി കളിച്ച് ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടണം; അടുത്ത സീസണിലെ തന്റെ അഭിലാഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി നെയ്മർ

നന്നായി കളിച്ച് ഫിഫ ലോകകപ്പ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടുക എന്നതാണ് അടുത്ത സീസണിലേക്കുള്ള തന്റെ അഭിലാഷങ്ങൾ എന്ന് പാരീസ് സെന്റ്-ജെർമന്റെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. കനാൽ+നോട് സംസാരിക്കുമ്പോഴാണ് നെയ്മർ ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മികച്ച ഓഫർ ലഭിച്ചാൽ നെയ്മറെ വിൽക്കുന്ന കാര്യം പിഎസ്ജി പരിഗണിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, പിഎസ്ജിയിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സംസാരത്തിനിടെ ബ്രസീലിയൻ താരം പറഞ്ഞു.
"എന്റെ അഭിലാഷം എപ്പോഴും ഒന്നുതന്നെയാണ്: സാധ്യമായ എല്ലാ കിരീടങ്ങളും നേടുക. നന്നായി കളിച്ച് ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടുക. ഇതാണ് അടുത്ത സീസണിലേക്കുള്ള എന്റെ അഭിലാഷങ്ങൾ. അത് പാരീസിനൊപ്പമായിരിക്കണം. എനിക്ക് പിഎസ്ജിയുമായി ഒരു കരാറുണ്ട്, അതിനാൽ വേറെ ഓപ്ഷനില്ല. അതെ, അത് പിഎസ്ജിക്കൊപ്പമായിരിക്കും," നെയ്മർ കനാൽ+നോട് പറഞ്ഞതായി ഗോൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ 2025 വരെയാണ് നെയ്മറിന് പിഎസ്ജിയുമായി കരാറുള്ളത്. 2017ൽ ബാഴ്സലോണയിൽ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മർ, ഇത് വരെ 144 മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബിന് വേണ്ടി കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 100 ഗോളുകളും ബ്രസീലിയൻ ആക്രമണതാരം സ്വന്തമാക്കിയിട്ടുണ്ട്.