Neymar Jr

നെയ്‌മർക്ക് ബാഴ്‌സയിലേക്ക് തിരിച്ചെത്തണം, ട്രാൻസ്‌ഫറിൽ സാവിക്കും താൽപര്യം

Sreejith N
Neymar Wants To Return To Barcelona
Neymar Wants To Return To Barcelona / Denise Truscello/GettyImages
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരമായ നെയ്‌മർ ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. 2017ൽ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ലോകറെക്കോർഡ് ട്രാൻസ്‌ഫറിൽ ചേക്കേറിയ നെയ്‌മറെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഒഴിവാക്കാൻ ഫ്രഞ്ച് ക്ലബ് ശ്രമിക്കുന്നതിനിടെയാണ് നെയ്‌മർ ബാഴ്‌സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നത്.

2017 മുതൽ 2022 വരെ പിഎസ്‌ജിക്കു വേണ്ടി കളിച്ച നെയ്‌മർ നിരവധി ആഭ്യന്തര കിരീടങ്ങൾ സ്വന്തമാക്കാൻ പ്രധാന പങ്കു വഹിച്ച താരമാണെങ്കിലും നിരന്തരമായ പരിക്കുകളും മോശം പെരുമാറ്റവുമെല്ലാം താരത്തിന്റെ പ്രകടനത്തിന്റെ നിറം മങ്ങാൻ കാരണമായിരുന്നു. കിലിയൻ എംബാപ്പെ വമ്പൻ പ്രതിഫലം വാങ്ങി പിഎസ്‌ജി കരാർ പുതുക്കിയതും നെയ്‌മറെ വിൽക്കുന്ന കാര്യം പിഎസ്‌ജി പരിഗണിക്കാൻ കാരണമായി.

നെയ്‌മറുടെ പ്രതിഫലം വളരെ ഉയർന്നതായതിനാൽ പ്രീമിയർ ലീഗിലെ ചുരുങ്ങിയ ക്ലബുകൾ മാത്രമേ നിലവിൽ താരത്തിൽ താൽപര്യം പ്രകടിപ്പിക്കുന്നുള്ളൂ. അതേസമയം ഒൻസെടിവി3യുടെ റിപ്പോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗ് ട്രാൻസ്‌ഫറിനേക്കാൾ ബാഴ്‌സയിലേക്ക് തിരിച്ചു വരാനാണ് നെയ്‌മർക്കു താൽപര്യം. ബാഴ്‌സലോണ പരിശീലകനായ സാവിക്ക് ബ്രസീലിയൻ താരത്തെ തിരിച്ചു കൊണ്ടുവരാൻ താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ നെയ്‌മർക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞേക്കില്ല. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് നെയ്‌മറുടെ ട്രാൻസ്‌ഫർ ഫീസും വേതനവ്യവസ്ഥകളും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ഉറപ്പാണ്. പിഎസ്‌ജിയുമായി ബാഴ്‌സക്ക് അത്ര മികച്ച ബന്ധമില്ലെന്നതും നെയ്‌മർ ട്രാൻസ്‌ഫർ ദുഷ്‌കരമാക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit