ബ്രസീലിനു തിരിച്ചടി, അർജന്റീനക്കെതിരായ മത്സരത്തിൽ നിന്നും നെയ്മർ പുറത്ത്


അർജന്റീനക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നും ബ്രസീലിയൻ സൂപ്പർതാരം നെയ്മർ പുറത്ത്. പരിശീലനം നടത്തുന്നതിനിടെ പരിക്കു പറ്റിയതു മൂലം ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ബ്രസീൽ ടീമിനൊപ്പം അർജന്റീനയിലേക്ക് നെയ്മർ യാത്ര തിരിച്ചിട്ടില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി.
"തുടക്കേറ്റ പരിക്കു മൂലം നവംബർ 16നു അർജന്റീനക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നെയ്മർ കളിക്കില്ല. ബ്രസീൽ സ്ക്വാഡിനൊപ്പം അർജന്റീനയിലേക്ക് തിരിച്ചിട്ടില്ലാത്ത നെയ്മർ ബുധനാഴ്ച ഫ്രാൻസിലേക്ക് തിരിച്ചു പോകും," ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസ്താവിച്ചു.
ഇതിനു മുൻപ് കൊളംബിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നെയ്മർ കളിച്ചിരുന്നു. വിജയത്തോടെ ബ്രസീൽ ഖത്തർ ലോകകപ്പിനു യോഗ്യത നേടിയ മത്സരത്തിൽ ലൂക്കാസ് പക്വറ്റ നേടിയ ഗോളിനു നെയ്മറാണ് വഴിയൊരുക്കി നൽകിയത്. അതുകൊണ്ടു തന്നെ സൂപ്പർ ക്ലാസിക്കോയിൽ താരത്തിന്റെ അഭാവം ബ്രസീലിനെ ബാധിച്ചേക്കാം.
എന്നാൽ നെയ്മറുടെ അഭാവത്തിൽ ബ്രസീലിയൻ ടീമിൽ തിളങ്ങാൻ അവസരം കാത്തിരിക്കുന്ന താരമുണ്ടെന്നത് ബ്രസീലിന് ആശ്വാസമാണ്. ഈ സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി മിന്നുന്ന ഫോമിൽ കളിക്കുന്ന വിനീഷ്യസ് ജൂനിയറാണ് ദേശീയ ടീമിൽ തനിക്കൊരു മികച്ച അവസരം ലഭിക്കാൻ വേണ്ടി കാത്തിരിക്കുന്നത്.
നേരത്തെ ലയണൽ മെസിക്ക് മത്സരം നഷ്ടപ്പെടുമെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും താരം കളിക്കുമെന്ന് സ്കലോണി ഇന്നലെ സ്ഥിരീകരിച്ചു. നേരത്തെ യോഗ്യത നേടിയ ബ്രസീലിനെതിരെ വിജയം നേടിയാൽ അർജന്റീനക്കും യോഗ്യത ഉറപ്പിക്കാൻ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.