Football in Malayalam

റയൽ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി നെയ്‌മർ കളത്തിലേക്ക് തിരിച്ചെത്തിയേക്കും

Haroon Rasheed
AS Saint-Etienne v Paris Saint-Germain - Ligue 1
AS Saint-Etienne v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

പി.എസ്.ജിയുടെ ബ്രസീലിയല്‍ സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചുവരവിനൊരുങ്ങുന്നു. പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന നെയ്മര്‍ ഫെബ്രുവരി 15ന് നടക്കുന്ന ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരെയുള്ള ആദ്യ പാദ മത്സരത്തിന് മുന്നോടിയായി തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റയലിന് എതിരെയുള്ള മത്സരത്തിൽ കളിക്കാനാകുമെന്ന് നെയ്‌മർ പ്രതീക്ഷിക്കുന്നതായി ലെ പാരിസിയെൻ [via മാർക്ക] ആണ് റിപ്പോർട്ട് ചെയ്‌തത്‌.

ഫ്രഞ്ച് ലീഗില്‍ സെന്റ് എറ്റിനെക്കെതിരേയുള്ള മത്സരത്തില്‍ നവംബര്‍ 28നായിരുന്നു നെയ്‌മറിന്റെ ഇടത് കാലിന്റെ ആങ്കിളിന് പരുക്കേറ്റത്. മത്സരത്തിന്റെ 88ആം മിനുറ്റിൽ പരിക്കേറ്റ നെയ്മറിന് ഫ്രഞ്ച് ക്ലബ് പിന്നീട് കളിച്ച 8 മത്സരങ്ങളും നഷ്ടമായിരുന്നു. പിഎസ്‌ജിയുടെ അടുത്ത മത്സരങ്ങളിൽ താരം തിരിച്ചുവരാൻ സാധ്യതയില്ലെങ്കിലും, റയൽ മാഡ്രിഡിന് എതിരായ മത്സരത്തിന് മുൻപ് ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലാണ് ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിൽ റയൽ മാഡ്രിഡിന് എതിരെയുള്ള ആദ്യ മത്സരം നടക്കുന്നത്. മാര്‍ച്ച് 10ന് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ രണ്ടാം പാദ മത്സരവും നടക്കും.

അതേ സമയം, റയൽ മാഡ്രിഡിനെതിരെ നെയ്മറുടെ സാന്നിധ്യം പി.എസ്.ജിക്ക് കൂടുതൽ കരുത്താകും. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന റയല്‍ മാഡ്രിഡിനെ തോല്‍പിക്കണമെങ്കില്‍ മികച്ച ടീമിനെ തന്നെ പി.എസ്.ജിക്ക് ഒരുക്കേണ്ടി വരും. നെയ്‌മറുടെ തിരിച്ചുവരവ് അതിനാൽ തന്നെ പിഎസ്‌ജിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്ന ഘടകമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit