Neymar Jr

"അസംബന്ധം പറയാൻ വായ തുറക്കുന്നവർ"- മുൻ ലിവർപൂൾ താരത്തിന്റെ വിമർശനങ്ങളോടു രൂക്ഷമായി പ്രതികരിച്ച് നെയ്‌മർ

Sreejith N
Neymar Slams Former Liverpool Star Fabio Aurelio
Neymar Slams Former Liverpool Star Fabio Aurelio / Catherine Steenkeste/GettyImages
facebooktwitterreddit

പ്രതിഭക്കനുസരിച്ചുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ നെയ്‌മർക്കു കഴിഞ്ഞിട്ടില്ലെന്നും താരത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ കരിയറിനെപ്പറ്റി ആലോചിച്ച് വളരെയധികം നിരാശ തോന്നുമായിരുന്നു എന്നുമുള്ള മുൻ ലിവർപൂൾ താരം ഫാബിയോ ഒറീലിയോയുടെ വിമർശനങ്ങൾക്കു മറുപടി നൽകി പിഎസ്‌ജി താരം നെയ്‌മർ ജൂനിയർ. സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് മുൻ ബ്രസീൽ U23 ടീമിനു വേണ്ടി കളിച്ച ഒറീലിയോക്കെതിരെ നെയ്‌മർ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ഗോളിനു നൽകിയ അഭിമുഖത്തിലാണ് ഒറീലിയോ നെയ്‌മറുടെ കരിയറിനെക്കുറിച്ച് പരാമർശിച്ചത്. പ്രതിഭക്കനുസരിച്ചുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ ഇതുവരെയും ഒരു ബാലൺ ഡി ഓർ പോലും നേടാത്തത് അസ്വാഭാവികമായ കാര്യമാണെന്നും അതിനുള്ള എല്ലാ സാഹചര്യങ്ങളും താരത്തിന് ഉണ്ടായിരുന്നുവെന്നും ഒറീലിയോ പറഞ്ഞു. മെസി, റൊണാൾഡോ എന്നിവർ പതിനഞ്ചു വർഷത്തോളം ലോകഫുട്ബോളിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ നെയ്‌മർക്ക് കളിയെക്കാൾ മറ്റു പലതിലുമായിരുന്നു താൽപര്യമെന്നും ഒറീലിയോ കുറ്റപ്പെടുത്തി.

മറ്റു പ്രശ്‌നങ്ങളിൽ നിന്നും മാറി നടന്ന് തന്റെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നെയ്‌മർക്ക് നിരവധി നേട്ടങ്ങൾ സ്വന്തമാക്കാനുള്ള പ്രതിഭ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടെന്നും ഒറീലിയോ പറഞ്ഞു. ഫിറ്റ്നസ് പ്രശ്‌നങ്ങൾ ബ്രസീലിയൻ താരത്തെ അലട്ടുന്നുണ്ടെന്നു പറഞ്ഞ ഒറീലിയോ നെയ്‌മർ ഇനിയും കൂടുതൽ ചെയ്യാൻ ബാക്കിയുണ്ടെന്നും അഭിപ്രായപ്പെട്ടു.

അതേസമയം ഒറീലിയോയുടെ വിമർശനങ്ങളോട് കടുത്ത ഭാഷയിലാണ് നെയ്‌മർ പ്രതികരിച്ചത്. "ഈ മുൻതാരങ്ങളെ കൊണ്ട് ഞാൻ വലഞ്ഞു. അവർ അസംബന്ധം പറയാൻ വേണ്ടി മാത്രമാണ് വായ തുറക്കുന്നത്. അഞ്ചു മിനുട്ടിന്റെ അഭിമുഖത്തിൽ അവർ മറ്റുള്ള കളിക്കാരുടെ ജീവിതത്തെപ്പറ്റി പറയും. നിങ്ങൾക്ക് വിമർശിക്കണമെങ്കിൽ വിമർശിക്കാം. പക്ഷെ ഇതുപോലെയുള്ള അസംബന്ധം പറയരുത്." നെയ്‌മർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

ഈ സീസണിലും പരിക്കു മൂലം നിരവധി മത്സരങ്ങൾ നഷ്‌ടമായ നെയ്‌മർ പതിനെട്ടു ലീഗ് മത്സരങ്ങൾ കളിച്ച് പതിനൊന്നു ഗോളും നാല് അസിസ്റ്റുമാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിനും പിഎസ്‌ജിക്കുമായി കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ നേടി ഇപ്പോൾ മികച്ച ഫോമിലുള്ള താരം പിഎസ്‌ജിയോടൊപ്പം ഫ്രഞ്ച് ലീഗ് കിരീടം നേടുന്നതിനരികെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit