Football in Malayalam

ഗബ്രിയേൽ ജീസസിന് ഫൈനലിൽ വിലക്ക്, ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെതിരെ രൂക്ഷവിമർശനവുമായി നെയ്‌മർ

Sreejith N
Brazil v Peru: Group B - Copa America Brazil 2021
Brazil v Peru: Group B - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

ഗബ്രിയേൽ ജീസസിന് അർജന്റീനക്കെതിരായ കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ വിലക്കു മൂലം കളിക്കാനാവില്ല എന്നതിനെ തുടർന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെതിരെ രൂക്ഷവിമർശനവുമായി നെയ്‌മർ. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചിലി താരം യൂഗെനിയോ മിനക്കു നേരെ നടത്തിയ ഫ്ലയിങ് കിക്കിനു ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്നാണ് ജീസസിന് ഫൈനൽ മത്സരം നഷ്ടമാകുന്നത്.

പെറുവിനെതിരായ സെമി ഫൈനൽ മത്സരത്തിൽ കളിക്കാനിറങ്ങാതിരുന്ന താരത്തിന്റെ സസ്‌പെൻഷൻ ഒരു മത്സരത്തിലേക്ക് കൂടി നീട്ടിയെന്ന് കഴിഞ്ഞ ദിവസമാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. ആ ഫൗൾ മനഃപൂർവം ചെയ്തതല്ലെന്നു പറഞ്ഞ ജീസസ് ക്ഷമാപണം നടത്തിയെങ്കിലും താരത്തിന്റെ വിലക്ക് നീട്ടിയ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ നടപടിയെയാണ് നെയ്‌മർ ചോദ്യം ചെയ്‌തത്‌.

"ഇതുപോലെയുള്ള തീരുമാനങ്ങൾ എടുക്കുന്നവരുടെ കൈകളിലാണ് ഇതെല്ലാമുള്ളതെന്നത് വിഷമകരമായ അവസ്ഥയാണ്." ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ച നെയ്‌മർ അതിനു ശേഷം ആക്ഷേപഹാസ്യം പോലെ ഇതു കൂടി പറഞ്ഞു. "അവർ മത്സരത്തെ വളരെ മനോഹരമായി അവലോകനം ചെയ്‌തു. ഞങ്ങളവരെ അഭിനന്ദിക്കേണ്ടതാണ്."

വിലക്കു നേരിടുന്ന ഗബ്രിയേൽ ജീസസും സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനത്തിനെതിരെ ഇൻസ്റ്റാഗ്രാമിൽ രംഗത്തു വന്നു. "രണ്ടു മത്സരങ്ങളിലെ വിലക്ക്, അപ്പീൽ നൽകാനുമാകില്ല. അഭിനന്ദനങ്ങൾ കോൺമെബോൾ! അവിടെയെന്താണ് സംഭവിച്ചതെന്നു നിങ്ങൾ കണ്ടില്ലെന്ന് എനിക്കു തോന്നുന്നു." താരം കുറിച്ചു.

സസ്‌പെൻഷൻ നേരിടുന്ന ജീസസിനു പകരം പെറുവിനെതിരായ സെമി ഫൈനൽ മത്സരത്തിൽ എവെർട്ടനാണ് കളത്തിലിറങ്ങിയത്. അർജന്റീനക്കെതിരെ നടക്കുന്ന മത്സരത്തിലും താരം തന്നെയാവും ജീസസിന് പകരം ഇറങ്ങുക. റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ജൂലൈ 11നു പുലർച്ചെ 5.30നാണു മത്സരം.

facebooktwitterreddit