പിഎസ്ജി വിടില്ല, വിമർശകർക്ക് മറുപടിയുമായി നെയ്മർ


സമ്മർ ജാലകത്തിൽ പിഎസ്ജി വിടാനുള്ള സാധ്യതകളെ പൂർണമായും തള്ളിക്കളഞ്ഞ് പിഎസ്ജി സൂപ്പർതാരം നെയ്മർ ജൂനിയർ. തനിക്കോ മറ്റുള്ളവർക്കോ മുന്നിൽ യാതൊന്നും തെളിയിക്കാനില്ലെന്നു വിമർശകർക്കു മറുപടി നൽകിയ നെയ്മർ ക്ലബ് വിടണമെന്ന് പിഎസ്ജി നേതൃത്വം ഇതുവരെ തന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കി.
സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ നെയ്മറെ പിഎസ്ജി ഒഴിവാക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നിരുന്നു. എന്നാൽ ഈ വർഷം ഖത്തർ ലോകകപ്പ് നടക്കുന്നതിനാൽ ക്ലബ് വിടാനുള്ള യാതൊരു താൽപര്യവുമില്ലാത്ത ബ്രസീലിയൻ താരം പിഎസ്ജിയിൽ തന്നെ തുടരുമെന്ന കാര്യത്തിൽ വ്യക്തത വരുത്തി.
"എനിക്ക് ക്ലബിൽ തുടരണം. നിരവധി വർഷങ്ങളുടെ കരാർ ഇനിയും ഇവിടെ ബാക്കിയുണ്ട്. ഇതുവരേക്കും ക്ലബ് വിടണം എന്നതിനെക്കുറിച്ച് പിഎസ്ജി നേതൃത്വം എന്നോട് സംസാരിച്ചിട്ടില്ല." നെയ്മർ മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു.
"എനിക്കൊന്നും തെളിയിക്കാനില്ല. ഞാനും എന്റെ മൈതാനത്തെ പെരുമാറ്റവും കളിയും എങ്ങിനെയാണെന്ന് എല്ലാവർക്കുമറിയാം. എനിക്കെന്നോടും ഒന്നും തെളിയിക്കാനില്ല, സന്തോഷത്തോടെ ഇരിക്കാനാണ് ഞാൻ ഫുട്ബോൾ കളിക്കുന്നത്. ആളുകൾ ഒരുപാട് സംസാരിക്കും, കാരണം അവർക്കു വേറൊന്നും ചെയ്യാനില്ല." നെയ്മർ വ്യക്തമാക്കി.
പിഎസ്ജിയുടെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത ക്രിസ്റ്റഫെ ഗാൾട്ടിയർ നെയ്മറെ നിലനിർത്തുമെന്ന് വ്യക്തത വരുത്തിയിരുന്നു. മെസി, നെയ്മർ, എംബാപ്പെ എന്നിവർക്ക് ചേരുന്ന ശൈലി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.