റയൽ മാഡ്രിഡ് ഭയക്കണം, ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ തിരിച്ചുവരവിനു തയ്യാറെടുത്ത് നെയ്‌മർ


റയൽ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിനൊരുങ്ങുന്ന പിഎസ്‌ജിക്ക് കരുത്തു പകർന്ന് ടീമിലെ സൂപ്പർതാരമായ നെയ്‌മർ സ്‌ക്വാഡിൽ തിരിച്ചെത്തുമെന്നു റിപ്പോർട്ടുകൾ. നവംബറിൽ സെയിന്റ് ഏറ്റിയെന്നെക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ ആങ്കിളിനു പരിക്കേറ്റതിനു ശേഷം ഇതുവരെയും പിഎസ്‌ജിക്കായി നെയ്‌മർ കളത്തിലിറങ്ങിയിട്ടില്ല.
ഇന്നലെ നടന്ന ഗ്രൂപ്പ് ട്രെയിനിങ് സെഷനിൽ സഹതാരങ്ങളുടെ കൂടെ പരിശീലനം നടത്തിയ നെയ്‌മർ റയലിനെ നേരിടാനുള്ള ടീമിൽ ഉണ്ടാകുമെന്ന് ആർഎംസി സ്പോർട്ടിന്റെ ലോയ്ക്ക് ടാൻസി റിപ്പോർട്ടു ചെയ്യുന്നു. മത്സരത്തിനു മുന്നോടിയായി താരത്തിനു കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിൽ നെയ്‌മർ സ്‌ക്വാഡിൽ തീർച്ചയായും ഇടം പിടിക്കും.
Neymar fit for Real Madrid Champions League clash: https://t.co/Uwl64P3hPz pic.twitter.com/t97Gr6CKdy
— AS USA (@English_AS) February 13, 2022
അതേസമയം നെയ്‌മർ ആദ്യ ഇലവനിൽ ഇറങ്ങുമോയെന്നതു പരിശീലകൻ പോച്ചട്ടിനോയുടെ തീരുമാനം പോലെയിരിക്കും. നവംബറിനു ശേഷം കളിച്ചിട്ടില്ലാത്തതിനാൽ നേരിട്ട് ആദ്യ ഇലവനിൽ താരത്തെ ഇറക്കാൻ പോച്ചട്ടിനോ തയ്യാറായേക്കില്ല. ഡി മരിയ ഫിറ്റ്നസ് വീണ്ടെടുത്താൽ മെസി, എംബാപ്പെ, ഡി മരിയ സഖ്യത്തെയാവും അർജന്റീനിയൻ പരിശീലകൻ മുന്നേറ്റനിരയിൽ പരീക്ഷിക്കുക.
നിരവധി സൂപ്പർതാരങ്ങളുള്ള പിഎസ്‌ജിയെ സംബന്ധിച്ച് സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ മികച്ച വിജയം നേടേണ്ടത് അനിവാര്യമായ കാര്യമാണ്. രണ്ടാം പാദം റയൽ മാഡ്രിഡിന്റെ മൈതാനത്തായതിൽ ഈ മത്സരത്തിൽ തന്നെ ക്വാർട്ടർ ഉറപ്പിച്ച് ടീമിന്റെ പ്രകടനത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ ഇല്ലാതാക്കാനാവും പിഎസ്‌ജി ശ്രമിക്കുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.