ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഉറപ്പില്ല, 2022 ലോകകപ്പ് അവസാനത്തേതാകാൻ സാധ്യതയുണ്ടെന്ന് നെയ്മർ


2022ൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പ് തന്റെ കരിയറിൽ അവസാനത്തെ ലോകകപ്പാവാൻ സാധ്യതയുണ്ടെന്ന് നെയ്മർ. ഫുട്ബോളിൽ തന്നെ കൂടുതൽ മനസുറപ്പിച്ചു നിർത്താൻ തനിക്കു കഴിയുമെന്നുറപ്പില്ലാത്തതു കൊണ്ടാണ് ഇതു പറയുന്നതെന്നും താരം വ്യക്തമാക്കി.
2014ലെയും 2018ലെയും ലോകകപ്പുകളിൽ ബ്രസീൽ ടീമിന്റെ കുന്തമുനയായിരുന്നു പിഎസ്ജി താരമെങ്കിലും ടീമിന് കിരീടം നേടിക്കൊടുക്കാൻ നെയ്മർക്കു കഴിഞ്ഞിട്ടില്ല. 2014ലെ ലോകകപ്പിൽ സെമി ഫൈനലിലും 2018ൽ ക്വാർട്ടർ ഫൈനലിലും ബ്രസീൽ തോറ്റു പുറത്താവുകയായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പ് കിരീടം നേടാൻ താൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം പറയുന്നു.
Neymar says the 2022 World Cup could be his last ?️ pic.twitter.com/nw3Fg4aF2X
— B/R Football (@brfootball) October 10, 2021
"ഇതെന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഫുട്ബോളിൽ തന്നെ ശക്തിയോടെ മനസുറപ്പിച്ചു നിർത്താൻ കഴിയുമെന്ന് ഉറപ്പില്ലാത്തതു കൊണ്ടാണ് ഞാനിത് അവസാനത്തേതായിരിക്കും എന്നു പറയുന്നത്," ഡിഎസെഡ്എന്നിന്റെ 'നെയ്മർ ആൻഡ് ദി ലൈൻ ഓഫ് കിങ്സ് എന്ന എക്സ്ക്ലൂസീവ് ഡോക്യൂമെന്ററിയിൽ താരം പറഞ്ഞു.
"അതുകൊണ്ടു തന്നെ ഏറ്റവും മികച്ചതായിരിക്കാൻ ഞാൻ ശ്രമിക്കും, എന്റെ രാജ്യത്തിന് വിജയം നേടിക്കൊടുക്കാൻ കഴിവിന്റെ പരമാവധി പൊരുതി, ചെറുപ്പം മുതൽ തന്നെയുള്ള എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമം നടത്തും. എനിക്കതിനു കഴിയുമെന്നാണ് ഞാൻ കരുതുന്നത്." നെയ്മർ വ്യക്തമാക്കി.
ക്ലബ് ഫുട്ബോളിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ നെയ്മർക്കു പക്ഷെ ബ്രസീലിയൻ ടീമിനൊപ്പം ഒരു കോൺഫെഡറേഷൻ കപ്പ് മാത്രമേ സീനിയർ തലത്തിൽ നേടാൻ കഴിഞ്ഞിട്ടുള്ളൂ. 2019ലെ കോപ്പ അമേരിക്ക നേടിയത് ബ്രസീൽ ആയിരുന്നെങ്കിലും ടൂർണമെന്റിനുള്ള സ്ക്വാഡിൽ പരിക്കു മൂലം താരം ഉൾപ്പെട്ടിരുന്നില്ല.