Football in Malayalam

ബഹുമാനം നേടാൻ ഇനിയുമെന്താണ് ചെയ്യേണ്ടത് എന്നറിയില്ല, റെക്കോർഡ് നേട്ടം കുറിച്ചതിനു ശേഷം നെയ്‌മറുടെ പ്രതികരണം

Sreejith N
Brazil v Peru - FIFA World Cup 2022 Qatar Qualifier
Brazil v Peru - FIFA World Cup 2022 Qatar Qualifier / Pedro Vilela/Getty Images
facebooktwitterreddit

പെറുവിനെതിരെ ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഗോൾ നേടി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ ബ്രസീലിയൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയതിനു പിന്നാലെ അർഹിക്കുന്ന ബഹുമാനം തനിക്കു ലഭിക്കുന്നില്ലെന്ന പരാതിയുമായി നെയ്‌മർ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയിച്ച മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയ നെയ്‌മർ ബ്രസീലിനു വേണ്ടി ഏറ്റവുമധികം അസിസ്റ്റുകളെന്ന റെക്കോർഡും സ്വന്തം പേരിലാക്കിയിരുന്നു.

അതേസമയം മികച്ച പ്രകടനം നടത്തുമ്പോഴും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ താരം അസ്വസ്ഥനാണെന്ന് നെയ്‌മറുടെ പ്രതികരണം വ്യക്തമാക്കുന്നു. ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ കളിച്ചതിനു ശേഷം അമിതവണ്ണം വന്നുവെന്നതിന്റെ പേരിൽ വിമർശനങ്ങളും കളിയാക്കലുകളും ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെയാണ് നെയ്‌മർ ഇത്തരമൊരു പ്രതികരണം നടത്തിയത്.

"തീർച്ചയായും ടീം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ബ്രസീലിയൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ കഴിഞ്ഞതിലും ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം അസിസ്റ്റുകൾ സ്വന്തമാക്കിയ താരമെന്ന നേട്ടത്തിലും വളരെ സന്തോഷമുണ്ട്. എല്ലാം ശരിയായി നടക്കുകയാണെങ്കിൽ ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞാൽ അത് വലിയൊരു മതിപ്പായിരിക്കും."

"ആളുകളിൽ നിന്നും ബഹുമാനം ലഭിക്കാൻ ഇതിൽ കൂടുതൽ എന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഇതു അസാധാരണ്, വളരെക്കാലമായി തുടരുകയും ചെയ്യുന്നു. റിപ്പോർട്ടേഴ്‌സ്, കമന്റെറ്റേഴ്‌സ് തുടങ്ങി എല്ലാവരും ഇതിലുണ്ട്. പല സമയത്തും എനിക്ക് ഇന്റർവ്യൂകളിൽ സംസാരിക്കാൻ ഇഷ്‌ടമല്ല. പക്ഷെ ഒരു പ്രത്യേക സാഹചര്യമുണ്ടായാൽ ഞാനവിടെ മുഖം കാണിക്കാറുണ്ട്. അതേക്കുറിച്ചു ചിന്തിക്കാൻ ഞാൻ നിങ്ങൾക്കു വിടുന്നു." നെയ്മർ ടിവി ഗ്ലോബോയോട് പറഞ്ഞു.

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 12 ഗോളുകൾ നേടിയാണ് നെയ്‌മർ പുതിയ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. ഇതുവരെ 69 ഗോളുകളാണ് ബ്രസീലിന്റെ ജേഴ്‌സിയിൽ പിഎസ്‌ജി മുന്നേറ്റനിര താരം നേടിയിരിക്കുന്നത്. ഇനിയും ഒരുപാട് വർഷങ്ങൾ കരിയറിൽ ബാക്കിയുള്ളതിനാൽ പെലെയുടെ 77 ഗോളുകളെന്ന റെക്കോർഡും നെയ്‌മർ മറികടക്കുമെന്നതിൽ സംശയമില്ല.

facebooktwitterreddit