നെയ്മറുടെ പ്രൈവറ്റ് ജെറ്റ് എമെർജൻസി ലാൻഡിങ് നടത്തി, താരം സുരക്ഷിതൻ


പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മർ ജൂനിയറിന്റെ പ്രൈവറ്റ് ജെറ്റിന് സാങ്കേതികതകരാർ മൂലം എമെർജൻസി ലാൻഡിങ് വേണ്ടി വന്നു. ബ്രസീലിൽ വെച്ചു നടന്ന സംഭവത്തിൽ താരത്തിനും കൂടെയുണ്ടായിരുന്ന പെങ്ങൾക്കും പങ്കാളിക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
ഒഴിവു ദിവസങ്ങൾ ചിലവഴിച്ചു മടങ്ങുമ്പോഴാണ് നെയ്മറുടെ പ്രൈവറ്റ് ജെറ്റിന് സാങ്കേതിക തകരാറുണ്ടാകുന്നത്. ആദ്യം സംഭ്രമം ഉണ്ടായിട്ടുണ്ടാകാമെങ്കിലും എമെർജൻസി ലാൻഡിങ്ങിനു ശേഷം എയർപോർട്ട് ജീവനക്കാർക്കൊപ്പം ചിത്രങ്ങളെടുക്കാൻ താരം സമയം കണ്ടെത്തുകയുണ്ടായി.
റിപ്പോർട്ടുകൾ പ്രകാരം ബാർബറോഡസിൽ നിന്നും സാവോ പോളോയിലേക്ക് പോവുകയായിരുന്ന പ്രൈവറ്റ് ജെറ്റാണ് വിൻഡ് സ്ക്രീനിൽ കുഴപ്പം കണ്ടതിനെ തുടർന്ന് എമെർജൻസി ലാൻഡിങ്ങിനു വിധേയമായത്. ഇതേത്തുടർന്ന് വെനസ്വല, ഗിനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ ബോ വിസ്റ്റ എന്ന പ്രദേശത്ത് വിമാനം ഇറക്കുകയായിരുന്നു.
സാങ്കേതിക തകരാർ കണ്ടെത്തി പരിഹരിക്കുന്നതു വരെ രണ്ടു മണിക്കൂറോളം അവിടുത്തെ പ്രാദേശിക വിമാനത്താവളത്തിൽ താരത്തിന് തുടരേണ്ടി വന്നു. നെയ്മർ, കൂടെയുണ്ടായിരുന്ന പെങ്ങൾ റഫല്ല സാന്റോസ്, പങ്കാളിയായ ബ്രൂണെ ബിയാൻകാർഡി എന്നിവർക്ക് വിമാനത്താവളത്തിലുള്ളവർ മികച്ച വരവേൽപ്പും നൽകി.
സംഭവത്തിനു ശേഷം റഫല്ല നെയ്മർക്കൊപ്പം എയർപോർട്ടിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. "എന്റെ ജീവിതം നീയുമായി പങ്കു വെക്കാൻ കഴിയുന്നതിൽ സന്തോഷം" എന്നാണു റഫല്ല അതിനൊപ്പം കുറിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.