ആർ ബി ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മർ കളിക്കില്ല; പി എസ് ജിക്ക് കനത്ത തിരിച്ചടി

ബ്രസീൽ ദേശീയ ടീമിനൊപ്പം കളിക്കുന്നതിനിടെ പരിക്കേറ്റ പി എസ് ജി സൂപ്പർ താരം നെയ്മറിന് അടുത്ത ദിവസം ആർ ബി ലെപ്സിഗിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാകും. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ പി എസ് ജി തന്നെയാണ് കളിക്കളത്തിലേക്കുള്ള നെയ്മറിന്റെ തിരിച്ചു വരവ് വൈകുമെന്ന് വ്യക്തമാക്കിയത്. പി എസ് ജി ആരാധകർക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.
"ദേശീയ ടീമിൽ നിന്ന് തിരിച്ചെത്തിയത് മുതൽ നെയ്മർ ജൂനിയർ അഡക്ടർ വേദന അനുഭവിക്കുന്നു. ടീമിലേക്കുള്ള ഒരു സാധാരണ തിരിച്ചു വരവിന് മുൻപുള്ള അദ്ദേഹത്തിന്റെ ചികിത്സാ കാലാവധി നീട്ടേണ്ടതുണ്ട്." പി എസ് ജി ഔദ്യോഗിക പ്രസ്താവനയിൽ കുറിച്ചു. നെയ്മറിന് പുറമേ അർജന്റൈൻ താരം ലിയാൻഡ്രോ പരേഡെസിനും ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ട്മാകുമെന്ന് പി എസ് ജി വ്യക്തമാക്കിയിട്ടുണ്ട്. പരിക്കാണ് താരത്തിനും വിനയായിരിക്കുന്നത്. ഇതോടെ തങ്ങളുടെ രണ്ട് പ്രധാന താരങ്ങളില്ലാതെയാവും പി എസ് ജി, ജെർമ്മൻ ക്ലബ്ബിനെതിരെ കളിക്കുക എന്നുറപ്പായി.
നേരത്തെ അന്താരാഷ്ട്ര ഡ്യൂട്ടിയിലായിരുന്നതിനാൽ ആംഗേഴ്സിനെതിരെ പി എസ് ജി വിജയിച്ച അവസാന മത്സരത്തിലും നെയ്മറിന് കളിക്കാനായിരുന്നില്ല. താരത്തിന്റെ പരിക്ക് സങ്കീർണതകൾ നിറഞ്ഞതാണെങ്കിൽ ഒക്ടോബർ 25 ന് മാഴ്സക്കെതിരെ നടക്കാനിരിക്കുന്ന ലീഗ് വൺ മത്സരവും നെയ്മറിന് നഷ്ടമാകാനുള്ള സാധ്യതയുണ്ട്.
PSG announce Neymar will miss their Champions League match against RB Leipzig tomorrow night ❌ pic.twitter.com/62LOSeL6Yg
— Goal India (@Goal_India) October 18, 2021
അതേ സമയം 2021-22 സീസണിൽ പി എസ് ജേഴ്സിയിൽ പ്രതീക്ഷിച്ച ഫോമിലേക്കുയരാൻ നെയ്മറിന് ഇതു വരെ സാധിച്ചിട്ടില്ല. ഇക്കുറി ഫ്രഞ്ച് ക്ലബ്ബിനായി കളിച്ച 7 മത്സരങ്ങളിൽ ഒരു ഗോളും 2 അസിസ്റ്റുകളും മാത്രമാണ് താരത്തിന്റെ സമ്പാദ്യം.