Football in Malayalam

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ മറ്റൊരു കായികഇനത്തിലേക്ക് ചുവടു മാറ്റാൻ ആഗ്രഹമുണ്ടെന്ന് നെയ്‌മർ

Sreejith N
Paris Saint-Germain v FC Bayern Munich  - UEFA Champions League Quarter Final 3: Leg Two
Paris Saint-Germain v FC Bayern Munich - UEFA Champions League Quarter Final 3: Leg Two / Matthias Hangst/Getty Images
facebooktwitterreddit

ഫുട്ബോൾ കരിയർ അവസാനിച്ചതിനു ശേഷം പ്രൊഫെഷണൽ പോക്കർ പ്ലെയറാവാൻ താത്പര്യമുണ്ടെന്നു വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ. ഒരിനം ചീട്ടുകളിയായ പോക്കർ ഗെയിം 2014 ലോകകപ്പിനിടെയാണ് നെയ്‌മർ കളിച്ചു തുടങ്ങിയത്. അതിനു ശേഷം പിഎസ്‌ജി താരം അതിന്റെ വലിയ ആരാധകനായി മാറുകയായിരുന്നു. ബാഴ്‌സലോണയിൽ പിക്വയോടൊപ്പമാണ് പോക്കർ കളിച്ചിരുന്നതെന്നും ഇപ്പോൾ കെയ്‌ലർ നവാസ്, പരഡെസ് എന്നിവരാണ് തന്റെ പ്രധാന എതിരാളികളെന്നും താരം പറഞ്ഞു.

സിന്യൂസിനോട് സംസാരിക്കുമ്പോൾ ഫുട്ബോൾ കരിയർ അവസാനിച്ചതിനു ശേഷം പ്രൊഫെഷണൽ പോക്കർ താരമാകാനാണോ താൽപര്യമെന്ന ചോദ്യത്തിന് നെയ്‌മർ പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു: "അതു സത്യമാണ്. ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണത്. ഫുട്ബോൾ കരിയറിന് ശേഷം അതിന്റെ ടൂർണമെന്റുകളിൽ പങ്കെടുക്കാനും അതിനായി യാത്ര ചെയ്യാനും കഴിയുമെന്ന് കരുതുന്നു. എന്റെ ജീവിതത്തിലെ ലക്ഷ്യവുമാണത്.

"പോക്കറും ഫുട്ബോളും തമ്മിലുള്ള സാമ്യതകളെക്കുറിച്ച് പറയുകയാണെങ്കിൽ ശ്രദ്ധ അതിലൊന്നാണ്. ഗെയിമിനോപ്പം എതിരാളികളെ കൃത്യമായി മനസിലാക്കേണ്ടതു വളരെ പ്രധാനമാണ്. മത്സരത്തിന്റെ സ്വഭാവം, എതിരാളികളുടെ നീക്കങ്ങൾ, എപ്പോഴാണ് ആക്രമണം നടത്താൻ കഴിയുക, എപ്പോഴാണ് ഏറ്റവും മികച്ച അവസരം സൃഷ്ടിക്കാൻ കഴിയുക എന്ന ഫുട്ബോളിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം പോക്കറിനും ബാധകമാണ്."

അതേ സമയം, ബാഴ്‌സലോണ വിട്ടതിനു ശേഷം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാനും ട്രെബിൾ കിരീടങ്ങൾ നേടാനും ഈ സീസണിൽ നെയ്മർക്ക് അവസരമൊരുങ്ങിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുന്ന പിഎസ്‌ജി ഫ്രഞ്ച് ലീഗിൽ ലില്ലെയുമായി വെറും മൂന്നു പോയിന്റ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. ഇതിനു പുറമെ ഫ്രഞ്ച് കപ്പിന്റെ ക്വാർട്ടർ ഫൈനലിലും പിഎസ്‌ജി ഇടം പിടിച്ചിട്ടുണ്ട്.


facebooktwitterreddit