Football in Malayalam

റയൽ മാഡ്രിഡിനു വേണ്ടി കളിക്കാനുള്ള അവസരം തനിക്കുണ്ടായിരുന്നുവെന്ന് നെയ്‌മർ

Sreejith N
Paris Saint-Germain v Real Madrid: Round of Sixteen Leg One - UEFA Champions League
Paris Saint-Germain v Real Madrid: Round of Sixteen Leg One - UEFA Champions League / Sebastian Frej/MB Media/GettyImages
facebooktwitterreddit

ചെറുപ്പത്തിൽ റയൽ മാഡ്രിഡിനു വേണ്ടി കളിക്കാനുള്ള അവസരം തനിക്കു വന്നെങ്കിലും അതു താൻ വേണ്ടെന്നു വെച്ചതിനെക്കുറിച്ചു വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ജൂനിയർ. തന്റെ പത്താം വയസിൽ റയൽ മാഡ്രിഡ് ട്രയൽസിനു വേണ്ടി ക്ഷണിച്ചിരുന്നുവെന്നും അതിനു ശേഷം ടീമിൽ ഇടം ലഭിക്കുമെന്ന ഘട്ടം വന്നപ്പോഴേക്കും ഗൃഹാതുരത്വം മൂലം താൻ ബ്രസീലിലേക്ക് തന്നെ മടങ്ങിയെന്നും നെയ്‌മർ പറഞ്ഞു.

"എനിക്ക് പത്തു വയസുള്ളപ്പോൾ റയൽ മാഡ്രിഡ് ട്രയൽസിനായി വിളിച്ചിരുന്നു. ഞാൻ ഭയങ്കര ത്രില്ലിലും സന്തോഷത്തിലുമായി, ഞാൻ അവരുടെ പരിശീലനം കാണുകയും ചെയ്‌തു. അത് ഗലാറ്റിക്കോസ് കാലഘട്ടത്തിന്റെ സമയത്തായിരുന്നു. ഞാൻ അവരുടെ മത്സരങ്ങളും കാണുകയുണ്ടായി." നെയ്‌മർ ഫിനോമിനോ പോസ്‌കാസ്റ്റിനോട് സംസാരിക്കുമ്പോൾ പറഞ്ഞത് ഗോൾ റിപ്പോർട്ട് ചെയ്‌തു.

"ഞാൻ അവരുടെ മത്സരം കണ്ട സമയത്ത് അതിലെ എല്ലാ ഗോളുകളും ബ്രസീലിയൻ താരങ്ങളാണ് നേടിയതെന്നാണ് കരുതുന്നത്. റൊണാൾഡോ രണ്ടെണ്ണവും റൊബീന്യോ ഒരെണ്ണവും ജൂലിയോ ബാപ്റ്റിസ്റ്റ ഫ്രീകിക്കിലൂടെ ഒരു ഗോളും റോബർട്ടോ കാർലോസ് ഒരു ഗോളും നേടി. മത്സരത്തിനു ശേഷം ഞാൻ അവരുടെ കൂടെ ചിത്രവും എടുത്തു. ഞാൻ ആകാശത്തെത്തിയതു പോലെയാണ് എനിക്ക് തോന്നിയത്."

"ഞാൻ അവിടെ ഒരാഴ്‌ചയോളം താമസിച്ചു. നാലോ അഞ്ചോ ദിവസം മാത്രമാണ് ട്രയൽസ് ഉണ്ടായിരുന്നത്. അഞ്ചാം ദിവസം അവർ ബാഴ്‌സലോണ എംഐസി കപ്പ് ചാമ്പ്യൻഷിപ്പിനായി എന്നെയും കൊണ്ടുപോകാൻ ഒരുങ്ങിയെങ്കിലും ഞാനതിൽ നിന്നും പുറത്തുപോന്നു. എനിക്ക് ഗൃഹാതുരത്വം വന്നതിനാൽ ഞാൻ വീട്ടിലേക്ക് തന്നെ തിരിച്ചു പോരുകയായിരുന്നു. റയൽ മാഡ്രിഡിൽ എത്താനുള്ള എല്ലാം ശരിയായിരുന്നു എങ്കിലും ഞാൻ അതിൽ നിന്നും പിന്തിരിഞ്ഞു." നെയ്‌മർ പറഞ്ഞു.

വർഷങ്ങൾക്കു ശേഷം റയൽ മാഡ്രിഡിന്റെ എതിരാളികളിൽ പ്രധാനിയായ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ നെയ്‌മർ അവിടെ സാധ്യമായ കിരീടങ്ങളെല്ലാം നേടി. പിന്നീട് പിഎസ്‌ജി സ്വന്തമാക്കിയ താരത്തിനായി റയൽ മാഡ്രിഡ് വീണ്ടും ശ്രമങ്ങൾ നടത്തിയെങ്കിലും നെയ്‌മർ ഫ്രഞ്ച് ക്ലബിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit