Football in Malayalam

കോപ്പ അമേരിക്ക കിരീടവുമായി മെസിക്കും ഡി മരിയ്ക്കുമൊപ്പമുള്ള ചിത്രം പങ്കു വെച്ച് പരഡെസ്, മറുപടി നൽകി നെയ്‌മർ

Sreejith N
Argentina Training Session
Argentina Training Session / Gustavo Pagano/GettyImages
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റ് അവസാനിച്ച് മാസങ്ങൾ കഴിഞ്ഞു പോയെങ്കിലും അതിനെച്ചൊല്ലിയുള്ള കളിയാക്കലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോപ്പ അമേരിക്ക കിരീടവുമായി ലയണൽ മെസിക്കും ഡി മരിയക്കുമൊപ്പമുള്ള ചിത്രം അർജന്റീന മധ്യനിര താരമായ പരഡെസ് പങ്കു വെച്ചപ്പോൾ അതിനു പിഎസ്‌ജി സഹതാരമായ നെയ്‌മർ നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

"നല്ല കൂട്ടുകെട്ട്" എന്ന തലക്കെട്ടോടെയാണ് ഒരു ഹോട്ടൽ റൂമിൽ മെസിക്കും ഡി മരിയക്കുമൊപ്പമുള്ള ചിത്രം പരഡെസ് പങ്കു വെച്ചത്. ചിത്രത്തിൽ ഇവർക്കൊപ്പം ജൂണിൽ വിജയിച്ച കോപ്പ അമേരിക്ക കിരീടവുമുണ്ട്. എന്നാൽ ഇതിനു നെയ്‌മറുടെ പ്രതികരണം അപ്രതീക്ഷിതമായ ഒന്നായിരുന്നു. അസഭ്യരൂപത്തിൽ ഉപയോഗിക്കുന്ന സ്‌പാനിഷ്‌/ പോർച്ചുഗീസ് പദമായ "പുട്ടോസ്" എന്നാണു ബ്രസീലിയൻ താരം ഇതിനു മറുപടി നൽകിയത്.

തന്റെ സഹതാരങ്ങളോട് തമാശരൂപത്തിലാണ് നെയ്‌മർ മറുപടി നൽകിയത് എന്നതിൽ സംശയമില്ലെങ്കിലും താരത്തെ അതിന്റെ പേരിൽ ആരാധകർ കളിയാക്കുന്നുണ്ട്. ബ്രസീൽ കോപ്പ അമേരിക്ക കിരീടം വിജയിച്ചപ്പോൾ ടീമിന്റെ ഭാഗമല്ലാതിരുന്ന നെയ്‌മർക്ക് അർജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടത്തിലുള്ള അസൂയ കൊണ്ടാണ് ഇങ്ങിനെയൊരു മറുപടി നൽകിയതെന്ന് ആരാധകർ പറയുന്നു.

നെയ്‌മർക്കു പുറമെ എമിലിയാനോ മാർട്ടിനസ്, ഡി മരിയ തുടങ്ങിയ താരങ്ങളും ചിത്രത്തിന് കമന്റ് ചെയ്‌തിട്ടുണ്ട്‌. "വളരെ മികച്ചൊരു കാഷ്വൽ ഫോട്ടോ" എന്നു കമന്റ് ചെയ്‌ത എമി ഡി മരിയയോട് കുടിക്കുന്ന സാധനത്തിൽ വെള്ളം ചേർക്കരുതെന്നും പറയുന്നു. അതേസമയം "പ്രിയ സുഹൃത്തുക്കൾ" എന്നാണു ഡി മരിയ ചിത്രത്തിനു കമന്റ് ചെയ്‌തത്‌.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit