കൂകി വിളിച്ച ആരാധകര്‍ക്ക് മറുപടിയുമായി നെയ്മര്‍

റയൽ മാഡ്രിഡിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് തന്നെയും ടീമിനെയും കൂകി വിളിക്കുന്ന പിഎസ്ജി ആരാധകർക്ക് മറുപടിയുമായി നെയ്മർ. ഇന്നലെ ലീഗ് 1ല്‍ പി.എസ്.ജി -ലെന്‍സ് മത്സരത്തിനിടെയും ഒരു വിഭാഗം ആരാധകർ ടീമിനെ കൂകി വിളിച്ചിരുന്നു. മത്സരം സമനിലയിൽ കലാശിച്ചതോടെ പിഎസ്ജി ലീഗ് വൺ കിരീടം സ്വന്തമാക്കിയതിന്റെ ശോഭ കുറക്കുന്നതായിരുന്നു പാർക് ഡെസ് പ്രിൻസസിന്റെ പല ഭാഗത്തു നിന്നും ഉയർന്ന കൂക്കിവിളികൾ.
തന്നെ കൂകി വിളിച്ച ആരാധകരോട് തന്റെ പിഎസ്ജി കരാറിൽ മൂന്ന് വർഷങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും, അതിനാൽ തന്നെ കൂകി വിളിക്കുന്നവർക്ക് അത് ചെയ്ത് മടുക്കുമെന്നുമാണ് നെയ്മർ പറഞ്ഞത്.
“കൂകി വിളിക്കുന്നത്? അവര്‍ ഇത് ചെയ്ത് മടുക്കും, എന്റെ കരാറിൽ ഇനിയും മൂന്ന് വര്‍ഷം ബാക്കിയുണ്ട്. ഈ കിരീട നേട്ടത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇത് നീണ്ടതും, ബുദ്ധിമുട്ടുള്ളതുമായ സീസണായിരുന്നു. ഇത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇപ്പോള്‍ ഞങ്ങൾ ശ്വസിക്കുകയും ശാന്തമായിരിക്കുകയും വേണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം," കാണികള്‍ കൂകി വിളിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു നെയ്മര്‍ പ്രതികരിച്ചതെന്ന് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.
ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോടുള്ള തോല്‍വിക്ക് ശേഷം ഇതുവരെയും ഒരു വിഭാഗം പി.എസ്.ജി ആരാധകര്‍ സന്തുഷ്ടരായിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മെസ്സിയെയും നെയ്മറെയും ആരാധകർ കൂകി വിളിച്ചിരുന്നു.
ലീഗ് കിരീടം നേടിയ ലെൻസിനെതിരെയുള്ള മത്സരം പൂർത്തിയാകുന്നതിന് മുന്‍പ് തന്നെ ഒരു വിഭാഗം കാണികള്‍ സ്റ്റേഡിയം വിട്ടിരുന്നു.
അതേ സമയം, 34 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായാണ് കഴിഞ്ഞ ദിവസം പി.എസ്.ജി ലീഗ് 1 കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മാഴ്സലേക്ക് 33 മത്സരത്തില്‍ നിന്ന് 62 പോയിന്റ് മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളു.