സമ്മർ ജാലകത്തിൽ പിഎസ്‌ജി വിടാൻ നെയ്‌മർ തയ്യാറല്ല
By Sreejith N

സമ്മർ ട്രാൻസ്‌ഫർ ജാലകം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയെ സംബന്ധിച്ച് വളരെ നിർണായകമായ ഒന്നാണ്. നിലവിൽ ടീമിലുള്ള പല താരങ്ങളെയും ഒഴിവാക്കി പുതിയ താരങ്ങളെ എത്തിക്കുക എന്നതിനൊപ്പം ക്ലബിന്റെ വേതനബിൽ കുറക്കേണ്ടതും അവർക്ക് അത്യാവശ്യമാണ്. പുതിയ സ്പോർട്ടിങ് ഡയറക്‌ടറായി എത്തിയ ലൂയിസ് കാമ്പോസിന്റെ പ്രധാന ചുമതലയും അതു തന്നെയാണ്,
സമ്മറിൽ പിഎസ്‌ജി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കളിക്കാരിൽ നെയ്‌മറുമുണ്ടെന്ന റിപ്പോർട്ടുകൾ വളരെ ശക്തമായി ഉണ്ടെങ്കിലും ക്ലബ് വിടാൻ ബ്രസീലിയൻ താരത്തിന് ആഗ്രഹമില്ലെന്നാണ് സ്‌പാനിഷ് മാധ്യമം മാർക്ക പറയുന്നത്. എൽ എക്വിപ്പെ പറയുന്നതു പ്രകാരം സീസണിൽ അമ്പതു മില്യൺ യൂറോ പ്രതിഫലം ലഭിക്കുന്ന നെയ്‌മർക്ക് അതെ വേതനം നൽകാൻ മറ്റൊരു ക്ലബിനും കഴിഞ്ഞേക്കില്ല.
അതേസമയം കിലിയൻ എംബാപ്പെ കരാർ പുതുക്കിയതോടെ ക്ലബിന്റെ വേതനബിൽ കുറക്കേണ്ടത് പിഎസ്‌ജിക്ക് ആവശ്യമാണ്. ഇപ്പോൾ തന്നെ എംബാപ്പെക്ക് പുതിയ കരാർ നൽകിയതിലൂടെ പിഎസ്‌ജി ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ കാറ്റിൽ പറത്തിയെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്താൻ യുവേഫ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള മെസിയേക്കാൾ പിഎസ്‌ജി പരിഗണിക്കുന്നത് നെയ്‌മറെ വിൽക്കുന്നതിനാണ്. 2025 വരെ കരാറുള്ള താരത്തെ വിറ്റാൽ വലിയ തുക പിഎസ്‌ജിക്കു ലഭിക്കും. നെയ്‌മറെ കൂടാതെ മറ്റു പല താരങ്ങളുടെയും ക്ലബിലെ ഭാവി തുലാസിലാണ്. വലിയൊരു അഴിച്ചുപണി കാമ്പോസിനു കീഴിൽ ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.