Football in Malayalam

നെയ്മറിനെ ബാഴ്സയിലേക്ക് കൊണ്ടു വരാൻ ലപോർട്ട; കറ്റാലൻ ക്ലബ്ബിലേക്കുള്ള തിരിച്ചു വരവിന് താരം തയ്യാറെന്ന് റിപ്പോർട്ട്

Gokul Manthara
TOPSHOT-FBL-ESP-CUP-BARCELONA-ESPANYOL
TOPSHOT-FBL-ESP-CUP-BARCELONA-ESPANYOL / PAU BARRENA/Getty Images
facebooktwitterreddit

ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ജോവൻ ലപോർട്ടക്ക് നെയ്മറിനെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയിൽ നിന്ന് ബാഴ്സലോണയിലേക്ക് തിരിച്ചെത്തിക്കാൻ ആഗ്രഹമെന്ന് റിപോർട്ടുകൾ.‌ 2017ൽ ബാഴ്‌സ വിട്ട ബ്രസീലിയൻ സൂപ്പർ താരത്തെ തിരികെ കൊണ്ടു‌വരുന്നത് ടീമിനെ വീണ്ടും ചാമ്പ്യൻസ് ലീഗിലെ ഫേവറിറ്റുകളാക്കി മാറ്റുമെന്ന് വിശ്വസിക്കുന്ന ക്ലബ്‌ പ്രസിഡന്റ്, ഇതിനായി നീക്ക‌ങ്ങൾ നടത്താൻ തയ്യാറാണെങ്കിലും, ക്ലബ്ബിന്റെ ഇപ്പോളത്തെ സാമ്പത്തിക സ്ഥിതി ഈ ട്രാൻസ്ഫറിന് ഒരു വെല്ലുവിളിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈ സമ്മറിൽ തങ്ങളുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ ക്ലബ്ബിൽ നിലനിർത്താനുള്ള‌ ശ്രമങ്ങളിലാണ് ഇപ്പോൾ ബാഴ്സ. നാല് വർഷങ്ങൾക്ക് മുൻപ് ക്ലബ്ബ് വിട്ട നെയ്മറെ തിരിച്ചു കൊണ്ടു‌വരുന്നതിലൂടെ മെസിയേയും ക്ലബ്ബിൽ തുടരാൻ ബോധ്യപ്പെടുത്താമെന്നാണ് കറ്റാലൻ വമ്പന്മാർ കരുതുന്നത്. തന്റെ അടുത്ത സുഹൃത്തായ നെയ്മറെത്തിയാൽ മെസിയും ബാഴ്സയിൽ തുടരാൻ തീരുമാനിച്ചേക്കുമെങ്കിലും, നെയ്മറുടെ ട്രാൻസ്ഫർ ഫീയും, ശമ്പളവും ഇപ്പോളത്തെ സാഹചര്യത്തിൽ ബാഴ്സക്ക് താങ്ങാനാകുമോ എന്നതാണ് ചോദ്യ ചിഹ്നമായി നിൽക്കുന്നത്.

എന്നാൽ ബാഴ്സലോണയിൽ നിന്ന് ഓഫർ വരുകയാണെങ്കിൽ ആ കരാർ നടക്കുന്നതിന് വേതനം വെട്ടിക്കുറക്കാനും നെയ്മർ തയ്യാറാണെന്നാണ് സ്പാനിഷ് മാധ്യമായ മാർക്ക പറയുന്നത്. ഇത് താരം ബാഴ്സലോണയിലെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്നാണ് ഫുട്ബോൾ ലോകത്തെ സംസാരം.

വരും സമ്മറിൽ നെയ്മറിനെ ടീമിലെത്തിക്കാൻ ബാഴ്സ ശ്രമിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകളിൽ നിന്ന് മനസിലാകുന്നത്. അഥവാ നെയ്മറിനെ സ്വന്തമാക്കാനുള്ള നീക്കത്തിൽ പരാജയപ്പെട്ടാലും വരും സമ്മറിൽ ഒരു വമ്പൻ സൈനിംഗ് ബാഴ്സ നടത്തുമെന്നാണ് സൂചനകൾ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit