Football in Malayalam

റെയിൻബോ‌ ഫ്ലിക്ക് ചെയ്തതിന് പക്വറ്റക്ക് മഞ്ഞക്കാർഡ്; പ്രതികരണവുമായി നെയ്മർ രംഗത്ത്

By Gokul Manthara
FBL-2021-COPA AMERICA-BRA-CHI
FBL-2021-COPA AMERICA-BRA-CHI / CARL DE SOUZA/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസം ട്രോയസിനെതിരെ നടന്ന ലീഗ് വൺ മത്സരത്തിൽ റെയിൻബോ ഫ്ലിക്കിന് ശ്രമിച്ച ലിയോൺ താരം ലൂക്കാസ് പക്വറ്റക്ക് റഫറി മഞ്ഞക്കാർഡ് നൽകിയത് വലിയ വിവാദമായിരുന്നു‌. കോർണർ ഫ്ലാഗിന് സമീപത്ത് വെച്ച് എതിർ താരത്തിന്റെ തലക്ക് മുകളിലൂടെ പന്ത് ഉയർത്താനുള്ള പക്വറ്റയുടെ ശ്രമത്തിനിടെ എതിർ താരത്തിന്റെ കൈയ്യിൽ പന്ത് തട്ടിയിരുന്നു. ഇതിന് എതിർ താരത്തിനെതിരെ റഫറി കാർഡെടുക്കുമെന്ന് എല്ലാവരും കരുതിയിരുന്നപ്പോളായിരുന്നു പക്വറ്റക്കെതിരെ റഫറി കാർഡ് വീശിയത്.

ബ്രസീൽ ടീമിലെ ‌തന്റെ സഹതാരം കൂടിയായ പക്വറ്റക്ക് ഒരു സ്കില്ലിന്റെ പേരിൽ റഫറി മഞ്ഞക്കാർഡ് നൽകിയത് പാരീസ് സെന്റ് ജെർമ്മൻ താരമായ നെയ്മറിനേയും അസ്വസ്ഥനാക്കി. ഒരു ട്രിക്ക് പരീക്ഷിച്ചതിന് മഞ്ഞക്കാർഡ് ലഭിക്കുന്നത് സങ്കടകരമായ കാര്യമാണെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ച നെയ്മർ, റഫറിയുടെ ഈ തീരുമാനത്തിന് കാരണമെന്തെന്ന് സത്യത്തിൽ തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തു.

"ഒരു ട്രിക്ക് പരീക്ഷിക്കുന്നതിന് മഞ്ഞക്കാർഡ് ലഭിക്കുന്നത് ഏറെ സങ്കടകരമാണ്. ഒരു സാങ്കേതിക നീക്കം ഒരു പരിഹാരമാണ്‌ അത് കളിസ്ഥലത്ത് എവിടെയാണ് നടക്കുന്നതെന്നോ, കളിയുടെ ഏത് മിനുറ്റിലാണ് സംഭവിക്കുന്നത് എന്നതോ പ്രശ്നമല്ല‌. കഴിഞ്ഞ സീസണിൽ ഇത് എനിക്ക് സംഭവിച്ചു. ഈ സീസണിൽ അത് പക്വറ്റക്കും. സത്യസന്ധമായി പറഞ്ഞാൽ ഇതിന് പിന്നിലെ യുക്തി എനിക്ക് മനസിലാകുന്നില്ല.പ്രസിദ്ധമായ ജോഗോ ബോണിറ്റോ അവസാനിച്ചു. നിങ്ങൾക്ക് കഴിയുന്നിടത്തോളം അത് ആസ്വദിക്കുക." നെയ്മർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

അതേ സമയം റെയിൻ ബോ ഫ്ലിക്കിന്റെ പേരിൽ പക്വറ്റക്ക് മഞ്ഞക്കാർഡ് ലഭിച്ച മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിയോൺ, ട്രൊയസിനെ തകർക്കുകയായിരുന്നു. പക്വറ്റയും ടീമിനായി വല കുലുക്കിയ മത്സരത്തിൽ ഷെർദാൻ ഷാഖിരി, എമേഴ്സൺ പൽമിയേരി എന്നിവരായിരുന്നു അവരുടെ മറ്റ് ഗോൾ സ്കോറർമാർ.

facebooktwitterreddit