വരുന്ന സമ്മറിൽ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നെയ്മർ


വരുന്ന സമ്മർ ജാലകത്തിൽ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബ്രസീലിയൻ താരം നെയ്മർ ജൂനിയർ. തനിക്ക് ഫ്രഞ്ച് ക്ലബുമായി കരാർ നിലനിൽക്കുന്നുണ്ടെന്നു വെളിപ്പെടുത്തിയ നെയ്മർ ക്ലബിൽ തന്നെ തുടർന്ന് കിരീടങ്ങൾ സ്വന്തമാക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി.
സീസൺ പൂർത്തിയായതു മുതൽ നെയ്മർ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. ഫ്രഞ്ച് ക്ലബിന് താരത്തെ ഒഴിവാക്കാൻ താൽപര്യമുണ്ടെന്നും മികച്ച ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കുമെന്ന് ഗോൾ റിപ്പോർട്ടു ചെയ്തിരുന്നു. ഇനിയും മൂന്നു വർഷം കൂടി കരാറിൽ ബാക്കിയുള്ള താരമാണ് നെയ്മർ.
"എന്റെ ആഗ്രഹങ്ങൾ എല്ലായിപ്പോഴും അതുപോലെ തന്നെ തുടരുന്നു. എല്ലാ കിരീടങ്ങളും നേടുകയെന്നത്. മികച്ച പ്രകടനം നടത്തി ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടുക.ഇതാണ് അടുത്ത സീസണിലെ എന്റെ ആഗ്രഹങ്ങൾ. അതു പിഎസ്ജിക്കൊപ്പം ആയിരിക്കും, എനിക്ക് പിഎസ്ജിയുമായി കരാറുണ്ട്, അതിനാൽ മറ്റൊരു ചോയ്സില്ല, അതു പിഎസ്ജിക്കൊപ്പം തന്നെയായിരിക്കും." നെയ്മർ കനാൽ പ്ലസിനോട് പറഞ്ഞു.
എംബാപ്പെ പിഎസ്ജി കരാർ പുതുക്കുമെന്ന വിവരം താൻ അവസാന നിമിഷമാണ് അറിഞ്ഞതെന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും നെയ്മർ വ്യക്തമാക്കി. പിഎസ്ജി മുന്നോട്ടു വെക്കുന്ന പ്രൊജക്റ്റാണ് എംബാപ്പക്ക് കൂടുതൽ അനുയോജ്യമായത് എന്നും സ്വന്തം രാജ്യത്തേക്ക് ചാമ്പ്യൻസ് ലീഗ് കിരീടമെത്തിക്കാൻ താരത്തെ അതു സഹായിക്കുമെന്നും നെയ്മർ വ്യക്തമാക്കി.
അതേസമയം പിഎസ്ജി നിരയിൽ ഈ സമ്മറിൽ അഴിച്ചുപണി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ, പരിശീലകൻ എന്നിവർക്കു പുറമെ ഏതാനും താരങ്ങൾ കൂടി പുറത്തു പോകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.