'പുറത്തുള്ളവർക്ക് ഉള്ളിൽ സംഭവിക്കുന്നത് എന്താണെന്നറിയില്ല' - വിമർശനങ്ങൾക്കു മറുപടി നൽകി നെയ്മർ


പുറത്തു നിന്ന് വിമർശനം നടത്തുന്നയാളുകൾക്ക് ഉള്ളിൽ എന്താണു നടക്കുന്നത് എന്നറിയില്ലെന്നും അവരുടെ വിമർശനങ്ങൾ തന്നെ ബാധിക്കുന്നില്ലെന്നും പിഎസ്ജി സൂപ്പർതാരം നെയ്മർ. ഫ്രഞ്ച് ലീഗിൽ ലില്ലെയുമായി നടന്ന മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചു വന്നു നേടിയ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് നെയ്മർ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സീസണിൽ മോശം പ്രകടനം നടത്തുന്നതിന്റെ പേരിൽ നെയ്മർക്കെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. എന്നാൽ ഫുട്ബോളിൽ തനിക്കുള്ള പരിചയസമ്പത്ത് ഇതുപോലെയുള്ള വിമർശനങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്നു തന്നെ പഠിപ്പിച്ചുവെന്നാണ് നെയ്മർ പറയുന്നത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരത്തിന്റെ വകയായിരുന്നു ഡി മരിയ നേടിയ വിജയഗോളിന് അസിസ്റ്റ്.
"വിമർശനങ്ങൾ വളരെ സ്വാഭാവികമാണ്. ഞാൻ പ്രൊഫെഷണൽ ഫുട്ബോൾ കളിക്കാൻ തുടങ്ങി പതിനഞ്ചു വർഷം ആയതുകൊണ്ടു തന്നെ ഇതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. ഞാൻ തന്നെയാണ് എന്റെ ഏറ്റവും വലിയ വിമർശകൻ," മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ നെയ്മർ പറഞ്ഞു.
"എന്റെ ടീമിനു വേണ്ടി മൈതാനത്ത് എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ മനസിലാക്കണം. പുറത്തുള്ളവർക്ക് അകത്തു നടക്കുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയില്ല. ഞങ്ങൾ ചെയ്യുന്നത് എന്താണെന്നും അവർക്കറിയില്ല. അതൊന്നും കുഴപ്പമില്ല, ഞാനിപ്പോഴും അതുപോലെയാണ്. എപ്പോഴും അങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും,"നെയ്മർ വ്യക്തമാക്കി.
മികച്ച എതിരാളികളായ ലില്ലെക്കെതിരെ കടുപ്പമേറിയ പോരാട്ടം നടത്തിയാണ് വിജയം നേടിയതെന്നും നെയ്മർ പറഞ്ഞു. അവർ മികച്ച ടീമായിരുന്നുവെങ്കിലും അവസാനം വരെ ഗോളുകൾ നേടാൻ ടീം പൊരുതിയെന്നും വിജയം നേടാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും ബ്രസീലിയൻ താരം വെളിപ്പെടുത്തി.